Friday, 13 October 2017

ടെലിഫോൺ സന്ദേശം


ടെലിഫോണിലൂടെ
പരേതന്റെ വാക്കുകൾ 
ഒരു ഡിസംബറിൽ നീയു-
മെന്റെ കൂടാരത്തി-
ലഭയാർത്ഥിയായ് വരും
അതുവരെ
ദു:ഖക്കസേരയിലിരിക്കുവാൻ
ഇനി നീ റിസീവർ
അമർത്തിവച്ചേക്കുക

Friday, 6 October 2017

വരൂ, കാണൂ, കീഴടക്കൂഒറ്റയ്കിരുന്നെന്റെ
സ്വപ്നങ്ങളെക്കൊണ്ട്
നൃത്തമാടിക്കുന്ന-
താണെനിക്കിഷ്ട മെൻ
ദു:ഖങ്ങളെക്കൊണ്ടു
പന്തംകൊളുത്തിച്ചു
ചുറ്റുംനിരത്തിച്ചു
മോഹഭംഗത്തിന്റെ
ശിൽപങ്ങൾ കൊത്തുന്ന-
താണെനിക്കിഷ്ടമീ
ശപ്തദിനാന്ത്യത്തി-
ലസ്തമനാർക്കന്റെ
മജ്ജയിൽനിന്നും
മനസ്സിൽനിന്നും ജീവ-
രക്തത്തിൽനിന്നും
പഠിച്ചപാഠങ്ങളെ
ചിട്ടപ്പെടുത്തുന്ന-
താണെനിക്കിഷ്ടമീ
മുഗ്ദ്ധവനാന്തരം
മൃത്യുവിൻവെട്ടേറ്റു
ഞെട്ടിപ്പിടയുമ്പോ-
ളുൽക്കച്ചിനപ്പുകൾ
കത്തിപ്പടരുമ്പോൾ
ഓമനത്തങ്ങളിൽ
കത്തിതാഴുമ്പോൾ
ചിരിച്ചുമരിക്കാതെ
പൊട്ടിക്കരയുന്ന-
താണെനിക്കിഷ്ട മെൻ
സ്വപ്നങ്ങളേ വരൂ
നഗ്നത കൊണ്ടെന്റെ
യുൾത്തുടിപ്പിന്നു
പുതപ്പാകുവാൻ വരൂ

അസ്ഥികൾക്കുള്ളിൽ
മുളഞ്ചീളുകൊണ്ടതും
ശബ്ദങ്ങൾ പിച്ചള-
ത്താഴിൽ തളർന്നതും
മസ്തിഷ്കമാകെ
മരവിച്ചതും സ്നേഹ
മസ്ൃണോദാര-
സ്വഭാവങ്ങൾ ശാർദ്ദൂല-
വിക്രീഡിതങ്ങളിൽ
കൈവിട്ടുപോയതും

സ്വപ്നങ്ങളേ നിങ്ങൾ
ഓർക്കുന്നുവോ തപ്ത
നിശ്വാസധാരയായ്
എന്നിൽ പിറന്നതും


നിൽക്കൂ നിരന്നെന്റെ 
ചുറ്റും തുടിത്താള-
മൊപ്പിച്ചു ചോടേറ്റി - 
യെൻ നെഞ്ചിലാവിരൽ 
കുത്തിത്തിരിഞ്ഞാട്ട-
മാടൂ നനഞ്ഞ ക-
ണ്ണൊപ്പൂ തുടൽപാടു-
വ്യക്തമാക്കുന്നൊരാ-
പൂർവ്വകാലത്തിന്റെ 
പൂർണ്ണരോഷപ്പൂക്കൾ 
ചൂടിത്തെളിഞ്ഞെന്നിലാടൂ.

Wednesday, 4 October 2017

പൂവാകപോലെ ഒരു കവിവാകമരത്തിന്റെ ഔന്നത്യം. താംബൂലാരുണിമയാര്‍ന്ന ചിരി കണ്ടാല്‍ വാകമരം പൊടുന്നനെ പൂത്തതുപോലെ. അകലെ നില്‍ക്കുന്നവരെ ശിഖരഹസ്തങ്ങളാല്‍ അടുത്തേയ്ക്കു വിളിക്കുന്ന ഔദാര്യം. അടുത്തെത്തുന്നവര്‍ക്കെല്ലാം തണല്‍. സൂര്യന്റേയും ചന്ദ്രന്റേയും പ്രസാദങ്ങളെ ഇലച്ചാര്‍ത്തിലൂടെ അരിച്ചെടുത്ത് കൂട്ടുകാര്‍ക്കു നല്‍കുന്ന മഹാമനസ്‌കത. ഇതായിരുന്നു പറക്കോട് പ്രതാപചന്ദ്രന്‍ എന്ന കവി.

കമ്മ്യൂണിസ്റ്റ് കുടുംബത്തിലാണ് പ്രതാപചന്ദ്രന്‍ ജനിച്ചത്. സഖാക്കളുടെ സാന്നിധ്യം കൊണ്ട് സദാ മുഖരിതമായ വീട്. പ്രായോഗിക ചിന്തകളും സൈദ്ധാന്തിക രശ്മികളും ഇഴചേര്‍ന്നിരുന്ന ഗൃഹാന്തരീക്ഷം. വരുന്നവര്‍ക്കെല്ലാം ചോറ്. വായിക്കാന്‍ പത്രങ്ങളും പുസ്തകങ്ങളും.

പന്തളം എന്‍എസ്എസ് കോളജിലെ വിദ്യാര്‍ഥിയായിരിക്കെ അഖിലേന്ത്യാ വിദ്യാര്‍ഥി ഫെഡറേഷന്റെ പ്രവര്‍ത്തകനായിരുന്ന പ്രതാപചന്ദ്രന്‍ പറക്കോട് എന്‍ ആര്‍ കുറുപ്പിന്റെയും കടമ്മനിട്ട രാമകൃഷ്ണന്റെയും മറ്റും പ്രഭാവലയത്തില്‍പ്പെട്ട് കവിതയുടെ കുതിരസവാരി പരിശീലിച്ചു.
അടൂരും പരിസരത്തുമുള്ള സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്ന പറക്കോട് പ്രതാപചന്ദ്രന്റെ ഹൃദയത്തിലും നാവിലും ഷെല്ലിയും കീറ്റ്‌സും പുനര്‍ജനിച്ചു. പിന്നീടത് പാബ്ലോ നെരുദയിലൂടെ വിപ്ലവബോധത്തിന്റെ ആന്തരികസത്തയിലേയ്ക്ക് സഞ്ചരിച്ചു.
സൂക്ഷ്മതയോടെ മാത്രം കവിത കുറിച്ചിരുന്ന പ്രതാപചന്ദ്രന്‍ വശ്യവും സൗമ്യവുമായ ശബ്ദത്തില്‍ സ്വന്തം കവിതകളും കടമ്മനിട്ട കവിതകളും ആലപിച്ചു. കടമ്മനിട്ടക്കവിതകള്‍ ഏതാണ്ട് എല്ലാംതന്നെ പ്രതാപചന്ദ്രന് ഹൃദിസ്ഥമായിരുന്നു.

പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥനായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ ജില്ലകളില്‍ സേവനമനുഷ്ഠിച്ച പ്രതാപചന്ദ്രന്റെ സൗഹൃദവലയം കേരളത്തിലുടനീളവും വിദേശങ്ങളിലും വ്യാപിച്ചിരുന്നു. മുഖപുസ്തകത്തിലെ ഇന്ന് വായിച്ച കവിതയില്‍ പ്രതാപചന്ദ്രന്റെ ഗുരുദക്ഷിണ എന്ന കവിത പോസ്റ്റ് ചെയ്തപ്പോള്‍ ഒറ്റ ദിവസം കൊണ്ട് ഇരുന്നൂറിലധികം വായനക്കാരാണ് ഇഷ്ടം രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ഉത്സവചിത്രം, പ്രണയം, സീബ്രാലൈനില്‍, നളവിലാപം തുടങ്ങിയ കവിതകള്‍ വായനക്കാര്‍ തേടിപ്പിടിച്ച് അനുബന്ധ വായനയ്ക്കായി മുഖപുസ്തകത്തില്‍ ചേര്‍ത്തു.

ഒറ്റക്കാവ്യപുസ്തകം മാത്രമേ പ്രതാപചന്ദ്രന് പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞുള്ളു. നൂറനാട്ടെ ഉണ്മ പബ്ലിക്കേഷന്‍സാണ് അതിന് മുന്‍കൈയെടുത്തത്. പതിനാല് കവിതകളുള്ള ഈ പുസ്തകത്തിലെ കവിയും കവിതയും എന്ന കവിതയിലെ, കവി കബറിടങ്ങള്‍ക്ക് കാവല്‍ നില്‍ക്കാറില്ല എന്ന വരിയാണ് പ്രൊഫ. കടമ്മനിട്ട വാസുദേവന്‍പിള്ള ആമുഖത്തിലും പ്രകാശന ചടങ്ങിലും പ്രധാന കവിമുദ്രയായി കണ്ടെത്തിയത്. അനവധി അര്‍ഥതലങ്ങളുള്ള ആ വരിയില്‍ ഇനിയും വായിച്ചുതീര്‍ക്കാന്‍ കവിത ബാക്കിയാവുന്നു.

ഏകലവ്യന്റെ പക്ഷത്തുനിന്നും എഴുതിയ ഗുരുദക്ഷിണ എന്ന കവിതയില്‍ ദ്രോണരോടുള്ള അടുപ്പവും അകലവും ആരാധനയും അമര്‍ഷവും വിങ്ങിനില്‍ക്കുന്നുണ്ട്. പെരുവിരല്‍ വേട്ടയാടപ്പെട്ട ഏകലവ്യന്റെ കുഞ്ഞുവിരല്‍ ക്ഷമയ്ക്കും മോതിരവിരല്‍ സ്‌നേഹത്തിനും നടുവിരല്‍ ധര്‍മ്മത്തിനും ദാനം ചെയ്തുകഴിഞ്ഞു. അവശേഷിക്കുന്ന കറുത്ത ചൂണ്ടുവിരലോ? അത് ദ്രോണ ഗുരുവിന്റെ വിദ്യാനീതിക്കുള്ള പരിഹാസമാണ്. നീതി എങ്ങനെ അനീതിയുടെ അര്‍ഥഹൃദയം സ്വീകരിക്കുന്നുവെന്ന് പ്രതാപചന്ദ്രന്‍ ബോധ്യപ്പെടുത്തുന്നു.

അധികം സംസാരിച്ചും കുറച്ചെഴുതിയും പ്രതാപചന്ദ്രന്‍ കടന്നുപോയി. സ്‌നേഹത്തിന്റെയും കാവ്യബോധത്തിന്റെയും വാകമരപ്പൂക്കള്‍ ഒരിക്കലെങ്കിലും പരിചയപ്പെട്ട എല്ലാവരുടേയും മനസില്‍ കുമിഞ്ഞുകിടക്കുന്നു. വാകപ്പൂക്കളേ സ്വസ്തി.

Tuesday, 26 September 2017

ആദിവാസികളെ വിദ്യാര്‍ഥികള്‍ ദത്തെടുത്തപ്പോള്‍


ആദായകരമല്ലാത്ത വിദ്യാലയങ്ങള്‍ ചില സന്നദ്ധസംഘടനകള്‍ ദത്തെടുക്കാറുണ്ട്. സ്‌കൂളിലെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉപകരണങ്ങളും പഠനസഹായികളും ലഭ്യമാക്കുന്നതിനും അവര്‍ ശ്രദ്ധിക്കാറുണ്ട്. ഇതിന്റെ ഫലമായി കേരളത്തിലെ പല സ്‌കൂളുകളിലേയും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെട്ടിട്ടുമുണ്ട്.

എന്നാല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഒരു ആദിവാസി ഊര് ഏറ്റെടുക്കുന്നത് സാധാരണ സംഭവമല്ല. നഗരത്തിലെ സമ്പന്ന വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ക്കൊന്നും തോന്നാത്ത ഈ മനുഷ്യസ്‌നേഹ നടപടി തോന്നിയത് കൊല്ലം ജില്ലയിലെ തേവന്നൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ്. തൊഴിലാളി കുടുംബങ്ങളില്‍ നിന്നും വരുന്നവരാണ് ഈ സ്‌കൂളില്‍ അധികവുമുള്ള കുഞ്ഞുങ്ങള്‍. അവര്‍ പുനലൂര്‍ കോന്നി വനമേഖലകളിലുള്ള കിഴക്കേ വെള്ളംതെറ്റി ആദിവാസി ഊര് ദത്തെടുത്തു.

മലമ്പണ്ടാര വിഭാഗത്തിലുള്ളവരാണ് ഇവിടത്തെ ആദിവാസികള്‍. ഇരുപത്തഞ്ചു കുടുംബങ്ങള്‍. ഊരിലെ ജനസംഖ്യ എഴുപതിലധികമില്ല. ആദിവാസികള്‍ക്ക് ഇത്രയും കാലം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വാരിക്കോരി കൊടുത്തിട്ടും ഈ ഊരില്‍ പത്താംതരം പാസായവര്‍ ആരും തന്നെയില്ല. സര്‍ക്കാര്‍ ഉദേ്യാഗസ്ഥരുമില്ല. വെള്ളംതെറ്റിയിലേക്കുള്ള ഗതാഗതമാര്‍ഗങ്ങള്‍ പരമദയനീയമാണ്.

വനംവകുപ്പ് പ്രതിനിധിയായ ഊരുമിത്ര ടി ആര്‍ ഷിബുവിന്റെ ഉത്സാഹത്തിലാണ് ദത്തെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായത്. ആദ്യഘട്ടമായി റേഷന്‍കാര്‍ഡ്, ആധാര്‍, ബാങ്ക് അക്കൗണ്ട് എന്നിവ അംഗങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള പ്രവര്‍ത്തനം തുടങ്ങി.
സ്‌കൂള്‍ കുട്ടികള്‍ സമാഹരിച്ച പണം ഉപയോഗിച്ച് ഇരുപത്തഞ്ച് കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകള്‍ നല്‍കി. ആദിവാസി അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഓണക്കോടി കൊടുത്തു. കുഞ്ഞുങ്ങള്‍ക്കെല്ലാം കളിപ്പാട്ടങ്ങളും കൊടുത്തു.

സ്‌കൂള്‍ കുട്ടികളുടെ മാതൃകാപരമായ ഈ സ്‌നേഹസംരംഭങ്ങള്‍ കണ്ടപ്പോള്‍ അഞ്ചല്‍ ആയുര്‍വേദ ആശുപത്രിയുടെ ചുമതലബോധം ഉണര്‍ന്നു. അവര്‍ ഡോക്ടര്‍ മനീഷിന്റെ നേതൃത്വത്തില്‍ ആദിവാസി ഊരില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി.

കുട്ടികളുടെ ഉത്സാഹം മുതിര്‍ന്നവരുടെ ചിന്തകളേയും ചലിപ്പിച്ചു. ഭിന്നശേഷിക്കാരനായ ഊരുമൂപ്പന് സ്‌കൂട്ടര്‍ നല്‍കാമെന്ന് പഞ്ചായത്ത് സമിതി തീരുമാനിച്ചു. അങ്കണവാടി ടീച്ചറുടെ നേതൃത്വത്തില്‍ അടുത്ത ഓണക്കാലത്തേക്കുള്ള അത്തച്ചിട്ടിയും ആരംഭിച്ചു. നാല്‍പതോളം ആളുകള്‍ ഇപ്പോള്‍ അത്തച്ചിട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്. ഊരുവാസികള്‍ക്ക് ഇപ്പോള്‍ മലയാളവും ഇംഗ്ലീഷും എഴുതാനും വായിക്കാനുമുള്ള പരിശീലനവും തുടങ്ങുകയാണ്.
ഡിസംബര്‍ മാസത്തോടെ ഊരിലെ കൃഷിഭൂമികളില്‍ സമൃദ്ധമായി വെള്ളമെത്തിക്കാനുള്ള ശ്രമത്തിലാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ഇക്കഴിഞ്ഞ ഓണക്കാലത്ത് തേവന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും വിദ്യാര്‍ഥികളും അധ്യാപകരും രക്ഷകര്‍ത്താക്കളും അടങ്ങുന്ന ഇരുന്നൂറോളം ആളുകള്‍ വെള്ളം തെറ്റി ഊരിലെത്തി. ആദരണീയരായ ആദിമനിവാസികളോടൊപ്പം അവര്‍ ഓണമുണ്ടു. അറുപത്തഞ്ചുകാരിയായ ആദിവാസി അമ്മ ഇന്ദിര മധുരതരമായ ഒരു നാടന്‍പാട്ട് ചൊല്ലി സ്‌കൂള്‍ സംഘത്തെ അഭിവാദ്യം ചെയ്തു.

ആദിവാസികളും വനംവകുപ്പ് ജീവനക്കാരും ചൂണ്ടിക്കാണിച്ചുകൊടുത്ത വഴിയിലൂടെ എല്ലാവരും ചേര്‍ന്ന് നാല് കിലോമീറ്ററിലധികം വനയാത്രയും നടത്തി. ആന, മ്ലാവ്, മയില്‍ തുടങ്ങിയ വന്യജീവികളെ നേരിട്ടുകണ്ട് കുട്ടികള്‍ കൗതുകപ്പെടുകയും സന്തോഷിക്കുകയും ചെയ്തു.
വിലപ്പെട്ട ഒരു പാഠമാണ് തേവന്നൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ സമൂഹത്തിന് നല്‍കിയത്. ജീവിത വൈഷമ്യങ്ങളില്‍പ്പെട്ട ആദിവാസികളുടെ പ്രശ്‌നങ്ങള്‍ സ്വന്തം പ്രശ്‌നങ്ങള്‍ തന്നെയാണെന്ന് കുഞ്ഞുങ്ങള്‍ തിരിച്ചറിഞ്ഞു. ടോട്ടോച്ചാന്‍ പഠിച്ചതുപോലെ അവര്‍ ആദിവാസികളില്‍ നിന്നും വനജീവിതം നേരിട്ടു പഠിച്ചു.

വിദ്യാലയങ്ങളെ സര്‍ക്കാരും സമൂഹവും ശ്രദ്ധിക്കുന്നതുപോലെ വിദ്യാലയങ്ങള്‍ക്ക് സമീപമുള്ള ആദിവാസി ഊരുകളേയും ശ്രദ്ധിക്കാവുന്നതാണ്.

Monday, 11 September 2017

വാമനപക്ഷവും മാവേലിപക്ഷവുംഓണക്കാലത്തെ സാംസ്‌കാരിക സദസുകളില്‍ പ്രധാനമായും ഉയര്‍ന്ന ചോദ്യം നിങ്ങള്‍ വാമനപക്ഷത്തോ മാവേലിപക്ഷത്തോ എന്നതായിരുന്നു. മാവേലിയെ മനസില്‍ വച്ചോമനിക്കുന്ന മലയാളിയുടെ മുന്നിലേയ്ക്ക് ഇങ്ങനെയൊരു ചോദ്യമുന്നയിക്കുവാന്‍ പ്രതിലോമകാരികള്‍ക്കു കഴിഞ്ഞു. മാവേലി അഹങ്കാരിയാണെന്നും വാമനന്‍ വന്നാണ് മര്യാദ പഠിപ്പിച്ചതെന്നും പറഞ്ഞ് മലയാളിയുടെ ഓമന സ്വപ്‌നത്തെ അപഹസിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.

മാവേലിയുടെ കഥ ഇന്ത്യയിലെ പല ഭാഷകളിലും ഉണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയമായി തോന്നിയത് കാസര്‍കോട്ടെ തുളു സംസാരിക്കുന്നവര്‍ സൂക്ഷിച്ചിട്ടുള്ള ബലീന്ദ്രന്‍ പാട്ടാണ്. ചിരസ്മരണ മലയാളത്തിന് മൊഴി മാറ്റിത്തന്ന സി രാഘവന്‍ മാഷാണ് ബലീന്ദ്രന്‍ പാട്ടിലെ കഥയും കേരളത്തോട് പറഞ്ഞത്.

ബലീന്ദ്രന്‍ എന്നാല്‍ മഹാബലി. ഓണത്തിനു പകരം ദീപാവലിക്കാണ് തുളുനാട്ടില്‍ മഹാബലി അവതരിക്കുന്നത്. തുളുവരുടെ കഥയനുസരിച്ച് മഹാബലിയെ വാമനന്‍ ഭൂമിപുത്രാ എന്നാണ് വിളിക്കുന്നത്.
ഓണക്കാലത്ത് പരോളനുവദിക്കാം എന്ന് ഔദാര്യപ്പെടുന്നതിനു പകരം ബലീന്ദ്രന്‍ പാട്ടില്‍, തട്ടിയെടുക്കപ്പെട്ട ഭൂമി തന്നെ തിരിച്ചുതരാം എന്നാണ് വാമനന്റെ വാഗ്ദാനം. എന്നാണ് തരിച്ചുതരുന്നത് എന്ന മഹാബലിയുടെ ചോദ്യത്തിന് വിചിത്രമായ ചില ഉത്തരങ്ങളാണ് വാമനന്‍ നല്‍കുന്നത്. കല്ല് കായാവുന്ന കാലത്ത്, ഉപ്പ് കര്‍പ്പൂരമാകുന്ന കാലത്ത്, ഉഴുന്നു മദ്ദളമാകുന്ന കാലത്ത്, കുന്നിക്കുരുവിന്റെ കറുത്ത കല മായുന്ന കാലത്ത്, മോരിലെ വെണ്ണ മുങ്ങുന്ന കാലത്ത്, മരംകൊത്തി സ്വന്തം തലപ്പൂവ് താഴെയിറക്കുന്ന കാലത്ത്, ഭൂമിപുത്രാ, ബലീന്ദ്രാ നിനക്കു തിരിച്ചുവന്ന് നാടുഭരിക്കാം – ഇതായിരുന്നു വാമനന്റെ ഉദാര വാഗ്ദാനം.

രാമന്‍ അയോധ്യ ഭരിച്ചിട്ടില്ല എന്നു പറയുന്നതുപോലെ മഹാബലി കേരളവും ഭരിച്ചിട്ടില്ല. രണ്ടും കെട്ടുകഥകളാണ്. കെട്ടുകഥകളില്‍ ചില മാതൃകകളുടെ അണുസാന്നിധ്യം ഉണ്ടാകാം എന്നല്ലാതെ സത്യം തീരെയില്ല. അത് കെട്ടിയുണ്ടാക്കിയ കഥയാണ്. സങ്കല്‍പ്പകഥ.

കെട്ടുകഥകളെ ചില ദര്‍ശനങ്ങളുടെ പ്രതീകങ്ങളായി വ്യാഖ്യാനിച്ചാല്‍ രാമന്‍ അധികാര ദുര്‍മോഹത്തിന്റേയും മഹാബലി ധാര്‍മ്മികതയുടേയും പ്രതീകമാണ്. ഇരക്കുന്നവന്റെ മുന്നില്‍ രാജ്യം സമര്‍പ്പിച്ച മഹാബലി ഒടുവില്‍ ശിരസും കുനിച്ചുകൊടുത്തു.

ശങ്കരകവിയുടെ ഭാവനയില്‍ വിടര്‍ന്ന മാവേലി നാടു വാണീടും കാലം സ്ഥിതിസമത്വത്തെ സംബന്ധിച്ച വസന്തസ്വപ്‌നമാണ് മലയാളിക്ക് നല്‍കിയത് അശ്വമേധം നടത്തി അന്യന്റെ ഭൂമി സ്വന്തമാക്കി രാമനും യാചനയ്ക്കു മുന്നില്‍ സ്വന്തം ഭൂമി നഷ്ടപ്പെടുത്തിയ മഹാബലിയും തമ്മില്‍ ഹിന്ദുക്കുഷ് പര്‍വതനിരകളും സഹ്യപര്‍വതനിരകളും തമ്മിലുള്ള വിദൂരതയുണ്ട്.

ത്യാഗത്തിന്റെ പ്രതീകമായ മഹാബലിയെ അഹങ്കാരിയായി ചിത്രീകരിക്കുന്നവര്‍ കൊല്ലുന്നതുപോലും മോക്ഷം നല്‍കാനാണ് എന്ന വ്യാജ ധാര്‍മ്മികതയുടെ വക്താക്കളാണ്.

പാതാളത്തില്‍ വച്ച് മഹാബലിയെ രാവണന്‍ സന്ദര്‍ശിക്കുന്നുണ്ട്. പാതാളത്തിലെ തടവറയില്‍ നിന്നും മോചിപ്പിക്കാം എന്ന് വാക്കുകൊടുക്കുന്നുമുണ്ട്. ഹിരണ്യകശിപുവിന്റെ തിളക്കമാര്‍ന്ന കുണ്ഡലങ്ങള്‍ പോലും എടുത്തു കൊടുക്കുന്നതില്‍ പരാജയപ്പെടുന്ന രാവണനെ ബദല്‍ പരിഷകളുടെ ബലം എന്തെന്ന് ബലി ബോധ്യപ്പെടുത്തുന്നുമുണ്ട്.

ആര്യനും ദ്രാവിഡനുമപ്പുറം സുരനും അസുരനുമപ്പുറം മനുഷ്യരെന്ന ഉദാത്തസങ്കല്‍പ്പം പുലരണമെങ്കില്‍ മാവേലിപക്ഷത്തിന്റെ മഹത്വം തിരിച്ചറിയേണ്ടതുണ്ട്.

ബദാം പഗോഡകൊടുംവെയിൽ
ബദാം പഗോഡയിൽ ഒരു
കിളികുടുംബത്തിൻ
സ്വരസമ്മേളനം
ഹരിതജാലകം തുളച്ചു ചൂടിലേ
ക്കെറിയുന്നുണ്ടവ
തണുത്തവാക്കുകൾ

അതു പെറുക്കിഞാൻ
തുടച്ചുനോക്കുമ്പോൾ
മൊഴികളൊക്കെയും
പ്രണയസൂചകം
ചിലതിൽ ജീവിതം
ദുരിതമെന്നൊരു
പരിതാപത്തിന്റെ
കഠിനവാചകം

ഒരു കുഞ്ഞിക്കിളി
കരീലത്തൂവലാൽ
ചിതറുന്നുണ്ടേതോ
വിഷാദദ്രാവകം
ചിലതിൽ വാത്സല്ല്യം 
ചിലതിൽ നൈർമല്യം
പലതിലും തലതിരിഞ്ഞ
വിസ്മയം

ഒരുകിളി
ബുദ്ധകഥകൾ ചൊല്ലുന്നു
മറുകിളി
യുദ്ധവ്യഥകൾ പെയ്യുന്നു
ഉയർന്ന ചില്ലയിലൊരുത്തൻ
ചെന്നിരുന്നടയാളപ്പാട്ടിൻ
വരികൊരുക്കുന്നു

വളഞ്ഞകൊമ്പിൻമേലൊരുത്തി
മുട്ടകൾ തുലഞ്ഞതോർക്കുന്നു
ചിലച്ചുതേങ്ങുന്നു
പൊടുന്നനെ
ജീവഭയത്തിൻ കാഹളം
മനുഷ്യസാമിപ്യം
മഴുവിൻ സാന്നിദ്ധ്യം.

Thursday, 24 August 2017

സ്കൂട്ടർ
സ്കൂട്ടർ പറന്നു പോകുന്നു
ഗോപുരാഗ്രത്തിനും കൊടുമുടിക്കും മേഘ-
വാഹനങ്ങൾക്കും പരേതർക്കുമപ്പുറം
നീലവാനം വിഷംതീണ്ടിക്കിടക്കുന്ന
താരങ്ങൾ മേയുന്ന മേഖലയ്ക്കപ്പുറം
ഛിദ്രഗ്രഹങ്ങളിൽ സൂര്യരക്തത്തിനാൽ
മുദ്രകുത്തുന്ന പുലർച്ചകൾക്കപ്പുറം
കാലംകടിച്ച കടംകഥപക്ഷികൾ
കൂടുകൂട്ടും വ്യോമപക്ഷത്തിനപ്പുറം
സ്കൂട്ടർ പറന്നു പോകുന്നു

മാന്ത്രികർ കാഞ്ഞിരക്കോലത്തിലാണിയും
വാളും തറക്കുന്ന ക്ഷുദ്രയാമങ്ങളിൽ
സ്വപ്നങ്ങളെക്കൊന്നു തിന്നുവാൻ നിൽക്കുന്ന
യക്ഷിയെ പ്രാപിച്ചുണർന്ന യുവത്വവും 
സത്യങ്ങളും തമ്മിലേറ്റുമുട്ടീടുന്ന
യുദ്ധമുഹൂർത്തം ചുവക്കുന്ന രാത്രിയിൽ
ഏതോ പുരാതനജീവി കാലത്തിന്റെ 
പാലംകടക്കെ പുഴയിലുപേക്ഷിച്ചൊ-
രസ്തികൂടംപോലെ നെറ്റിയിൽ കത്തുന്നൊ-
രൊറ്റ നേത്രത്തോടെ യുഗ്രവേഗത്തിലീ
സ്കൂട്ടർ പറന്നു പോകുന്നു

കാറ്റലറുന്നു
കടൽ പിടയ്കുന്നു
കാവൽമരത്തിൻ കഴുത്തൊടിയുന്നു
പാട്ടുമറന്നൊരിരുൾക്കിളി നെഞ്ചിലെ
കാട്ടിലൂടേതോ മൃതിച്ചില്ലയിൽച്ചെന്നു
തൂവൽമിനുക്കിയെരിഞ്ഞു വീഴുന്നു 
ഞാൻ കണ്ടുനിൽക്കെ നിലാവസ്തമിക്കുന്നു
ജ്ഞാനോദയത്തിൻ പുകക്കണ്ണിൽനിന്നൊരു
സ്ക്കൂട്ടർ പറന്നു പോകുന്നു.


റോഡപകടത്തിൽ മരിച്ചൊരാളൊറ്റക്കു
സ്കൂട്ടറിൽ ഭൂമിയെച്ചുറ്റുന്നു, യന്ത്രങ്ങൾ
പറകൊട്ടിയലറുന്ന നഗരത്തിൽനിന്നുമി-
ന്നൊരുകിനാവിന്റെ ദുർമരണം വമിക്കുന്നു.


ചുടുചോരയിന്ധനം
ഭ്രമണതാളത്തിൻറെ ലഹരിയിൽ പെയ്യും
വിപത്തിന്റെ പാട്ടുമായ്
സ്കൂട്ടർ പറന്നു പോകുന്നു

പ്രേതകഥ വായിച്ചുറങ്ങിയോർ കമുകിന്റെ
പാളയിൽ പിറ്റേന്നുണർന്നെഴുന്നേൽക്കവേ
തെരുവിലാൾക്കൂട്ടം മുഖം മറച്ചോടവേ
കതിനകൾ ചിന്തയിൽ പൊട്ടിച്ചിതറവേ
തീകത്തിവീഴും കിളിക്കൂടുപോൽ
ഉരഞ്ഞാളി വീഴാറുള്ളൊരാകാശക്കല്ലുപോൽ
സ്കൂട്ടർ തകർന്നുവീഴുന്നു
സഞ്ചാരിപാടിയ മരണഗാനംകേട്ടു
സ്കൂട്ടർ തകർന്ന് വീഴുന്നു