Tuesday 12 May 2015

ബാലചന്ദ്രൻ ചുളളിക്കാടും പുരി ജഗന്നാഥനും



ഒഡിഷയിൽ ബംഗാൾ ഉൾക്കടലിന്റെ തീരത്തുളള ഒരു പുരാതന നഗരമാണ്‌ പുരി. രണ്ട്‌ കാരണങ്ങളാൽ ഈ നഗരം പ്രസിദ്ധമാണ്‌. ഒന്ന്‌, പുരി ജഗന്നാഥക്ഷേത്രം. രണ്ട്‌, പുരി ശങ്കരാചാര്യ ആസ്ഥാനം.

ഒഡിയ കവിതയും കഥയുമൊക്കെ ഇന്ത്യൻ സാഹിത്യത്തിന്റെ മുൻപന്തിയിൽ കസേരയിട്ടിരിക്കുന്നുണ്ട്‌. ഒരു കഥാകാരി മുഖ്യമന്ത്രിയായ ആദ്യത്തെ സംസ്ഥാനവും ഒഡിഷയാണ്‌. നന്ദിനി സത്പതി. കേരളത്തിലാണെങ്കിൽ സർഗാത്മക സാഹിത്യകാരുടെ കൂട്ടരിൽനിന്നും കവി കടമ്മനിട്ട രാമകൃഷ്ണൻ നിയമഭയിലെത്തിയിട്ടുണ്ട്‌. ജോസഫ്‌ മുണ്ടശ്ശേരിയെയും എം കെ സാനുവിനെയും മലയാളികൾ സർഗാത്മക സാഹിത്യകാരന്മാരായി കണക്കാക്കിയിട്ടുമില്ല. കേരളത്തിൽ ഒരു കവി എത്തിയ പരമോന്നത സ്ഥാനം വനിതാകമ്മിഷൻ അധ്യക്ഷ പദവിയാണ്‌ സുഗതകുമാരി.

നന്ദിനി സത്പതിയെപ്പോലെ നമ്മുടെ പി വത്സലയോ സാറാജോസഫോ കെ ആർ മീരയോ കേരളത്തിന്റെ മുഖ്യമന്ത്രിയായാൽ നിറമുളള പല സ്വപ്നപദ്ധതികളും നടപ്പാക്കാൻ അവർക്ക്‌ സാധിച്ചേക്കും.

പ്രകൃതിക്ഷോഭങ്ങൾ കടിച്ചുകുടയാറുളള ഒഡിഷയെ പട്ടിണിയിൽനിന്നോ അന്ധവിശ്വാസങ്ങളിൽനിന്നോ രക്ഷപ്പെടുത്താൻ നന്ദിനി സത്പതിയടക്കമുളള മുഖ്യമന്ത്രിമാർക്ക്‌ കഴിഞ്ഞില്ല.

സമുദ്രസ്നാനം കേരളത്തിലെന്നപോലെ പുരിയിലും പുണ്യത്തിലേയ്ക്കുളള പാസ്‌വേർഡാണ്‌. കേരളത്തിൽ കർക്കിടകവാവിന്‌ മാത്രമേ പിതൃക്കൾ കടലിൽ വരാറുളളു. പുരിയിലാകട്ടെ എല്ലാ ദിവസവും പിതൃക്കൾ ഹാജർ. അതിനാൽ വേട്ടക്കാരെപ്പോലെ തോന്നിപ്പിക്കുന്ന പൂജാരിമാരും റെഡി. മരിച്ചുപോയവരുടെ ഫോട്ടോയുമായി കടലിൽ കുളിക്കുന്നവരെപ്പോലും പുരിയിൽ കാണാം.

പുരി ജഗന്നാഥക്ഷേത്രം, കൂറ്റൻ രതിശിൽപ്പങ്ങളുടെ പ്രദർശനശാലകൂടിയാണ്‌. ഖജുരാഹോയിലെ ശിൽപ്പങ്ങളെക്കാൾ വളരെ വലുതാണ്‌ പുരി ക്ഷേത്രത്തിലെ ശിൽപ്പങ്ങൾ.

ദേവദാസികളെ ഇപ്പോഴും നിയമിക്കുന്ന ക്ഷേത്രമാണ്‌ പുരിയിലുളളത്‌. ജഗന്നാഥനെ പരിണയിച്ച പെൺകുട്ടികൾ, പ്രസവരേഖകൾ നിറഞ്ഞ വയറുളള വൃദ്ധകളായി ക്ഷേത്രപരിസരത്ത്‌ കഴിഞ്ഞുകൂടുന്നുണ്ട്‌.

പുരി ശങ്കരാചാര്യർ പലപ്പോഴും വിവാദം സൃഷ്ടിച്ച ആളാണ്‌. ഓഷോ രജനീഷിന്റെ പൂനയിലെ ആശ്രമം കാണാൻ മഠാധിപതി സന്നദ്ധത പ്രകടിപ്പിച്ചതും വരുമ്പോൾ എയ്ഡ്സ്‌ ഇല്ലെന്ന സർട്ടിഫിക്കറ്റുകൂടി കൊണ്ടുവരണമെന്ന്‌ ഓഷോ പറഞ്ഞതും ഒരുകാലത്തെ പൊട്ടിച്ചിരിയായിരുന്നല്ലൊ.

പുരിയടക്കം ഒഡീഷയിലെവിടെയുമുളള ദയനീയമായ കാഴ്ച പട്ടിണിപ്പാവങ്ങളായ കുട്ടികളും സ്ത്രീകളും കൈനീട്ടി നിൽക്കുന്നതാണ്‌.

ബാലചന്ദ്രൻ ചുളളിക്കാടിന്റെ ശാപം എന്ന കവിത, ഒഡിഷയുടെ വേദനിപ്പിക്കുന്ന ഒരു ചിത്രം നമ്മൾക്ക്‌ തരുന്നുണ്ട്‌. കവിതയിലെ ഒന്നാം വ്യക്തി ഒഡിഷയിലൂടെ സഞ്ചരിക്കുന്നു. ഭുവനേശ്വറിൽ തീവണ്ടി നിൽക്കുന്നു. ഒഡിഷയിലെ ഭിക്ഷാടകരുടെ കേന്ദ്രംകൂടിയാണ്‌ ഭുവനേശ്വർ. പ്രാതലിനുളള അപ്പവും വെളളവുമെടുക്കുമ്പോൾ ജനലരികിൽനിന്ന്‌ ഒരു വൃദ്ധൻ വിശപ്പടക്കാനായി കൈനീട്ടുന്നു.

കവി, സ്വന്തം ഭക്ഷണം ആ ഭിക്ഷാടകന്‌ കൊടുക്കുന്നു. ഭക്ഷണം കിട്ടിയ സന്തോഷത്താൽ പുരിജഗന്നാഥൻ എന്നെ ഈ ദിവസവും മറന്നില്ലല്ലൊ എന്ന്‌ ദൈവത്തിന്‌ നന്ദി പറയുന്നു. കവി, പുരിജഗന്നാഥന്റെ കരുണയില്ലാത്ത കല്ലുപോലെയുളള ഹൃദയത്തെ ശപിക്കുന്നു.

പുരിജഗന്നാഥൻ മനുഷ്യരെ രക്ഷിക്കുകയല്ല, പട്ടിണിയും കഷ്ടപ്പാടും നൽകി ശിക്ഷിക്കുകയാണല്ലൊ എന്ന ചിന്തയിൽ ഈ കവിത നമ്മളെ കൊണ്ടെത്തിക്കുന്നു.

2 comments:

  1. ഈ കുറിപ്പ് വായിച്ചപ്പോള്‍ രാഷ്ട്രീയമായി ഒരു ചോദ്യം ഉയരുന്നത്: ഇയാള്‍ ഭരിച്ചതുകൊണ്ട് ഈ സംസ്ഥാനവും ജനങ്ങളും വളരെ പുരോഗമിച്ചു എന്ന് പറയത്തക്കവണ്ണം ഒരു മുഖ്യമന്ത്രി ഏതെങ്കിലും സംസ്ഥാനത്തുണ്ടായിട്ടുണ്ടോ!

    ReplyDelete
  2. കവി, സ്വന്തം ഭക്ഷണം ആ ഭിക്ഷാടകന്‌ കൊടുക്കുന്നു. ഭക്ഷണം കിട്ടിയ സന്തോഷത്താൽ പുരിജഗന്നാഥൻ എന്നെ ഈ ദിവസവും മറന്നില്ലല്ലൊ എന്ന്‌ ദൈവത്തിന്‌ നന്ദി പറയുന്നു. കവി, പുരിജഗന്നാഥന്റെ കരുണയില്ലാത്ത കല്ലുപോലെയുളള ഹൃദയത്തെ ശപിക്കുന്നു.

    ReplyDelete