Saturday 6 June 2015

നക്ഷത്രത്തുളയുള്ള ആകാശവും അസ്മോ പുത്തൻചിറയും


പുറമേ ശാന്തനും സൌമ്യനും ആയിരുന്നു ഈയിടെ അന്തരിച്ച
അസ്മോ പുത്തൻചിറ.അകമേ കവിതയുടെ അശാന്തസമുദ്രം
ആഴവും പരപ്പുമായി നിലകൊണ്ടിരുന്നു.എഴുത്തിൽ ശ്രദ്ധയും
മിതത്വവും പാലിച്ച കവി.

ദീർഘകാലം അസ്മോ അബുദാബിയിൽ ആയിരുന്നു.അവിടെയുള്ള
സാംസ്കാരിക പരിപാടികളിലെല്ലാം അസ്മോയുടെ സജീവസാന്നിധ്യം
ഉണ്ടായിരുന്നു.കോലായ എന്ന പേരിൽ ഒരു സാഹിത്യ സംവാദ വേദി
തന്നെ അസ്മോയുടെ ഉത്സാഹത്തിൽ അവിടെ പ്രവർത്തിച്ചിരുന്നു.

മതവിശ്വാസവും ഞാനും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ശക്തമായിത്തന്നെ
ഞാൻ അസ്മോയുടെ മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. കാലുറപ്പിച്ചു നിന്ന
മണ്ണിന്നടിയിൽ  അറേബ്യയെ മുഴുവൻ രക്ഷപ്പെടുത്താൻ ഉതകുന്ന
പെട്രോൾ ഉണ്ടെന്നുപോലും പ്രവചിക്കാൻ കഴിയാത്ത ചരിത്രപുരുഷന്മാരെ
കുറിച്ചുള്ള എന്റെ സന്ദേഹങ്ങൾ അദ്ദേഹത്തിന്റെ മുന്നിൽ ഞാൻ അവതരിപ്പിച്ചിരുന്നു.
പെട്രോൾ കണ്ടെത്താൻ അന്യമതസ്ഥനായ വെള്ളക്കാരൻ വേണ്ടി വന്നല്ലോ
എന്നുപോലും ഞാൻ പറഞ്ഞിട്ടും മതതീവ്രവാദത്തിന്റെ കണിക പോലുമില്ലാത്ത
ശുദ്ധമനസ്കനായ അസ്മോ അതെല്ലാം കേട്ടിരുന്ന് ശ്രദ്ധയോടെ കാറോടിച്ചു.
മത വിമർശനങ്ങളെ സഹിഷ്ണുതയോടെ കേട്ടിരിക്കാൻ കഴിയുന്ന ഒരു മാതൃകാ
മതവിശ്വാസി കൂടി ആയിരുന്നു അസ്മോ പുത്തൻചിറ.

കവിതയിൽ അസ്മോ സൂക്ഷ്മതയുടെ മറുവാക്കായിരുന്നു, അധികമൊന്നും
എഴുതിയില്ല.എഴുത്തിന്  അർഹിക്കുന്ന അംഗീകാരം ലഭിച്ചതുമില്ല.
അംഗീകാരമൊന്നും അസ്മോക്ക് പ്രശ്നം ആയിരുന്നില്ല.ഹൈക്കു മുതൽ
മുന്നോട്ട് അസ്മോ എഴുതിക്കൊണ്ടിരുന്നു.അസ്മോ നമുക്ക് തന്ന പുസ്തകമാണ്
ചിരിക്കുരുതി.

ചിരിക്കുരുതി എന്ന കവിതയിൽ തന്നെയാണ് നക്ഷത്രത്തുളയുള്ള ആകാശത്തമ്പ്
എന്ന പ്രയോഗമുള്ളത്. പ്രവാസിയുടെ ജീവിതമാണ് ഈ കവിതയിൽ
വരച്ചിട്ടിട്ടുള്ളത്.ചിരിയുടെ കുടമണി ചുണ്ടിൽ ചാർത്തി കുരുതിക്ക് തലനീട്ടി
നില്ക്കുന്ന ജീവിതം അസ്മോക്ക് പരിചിതമായിരുന്നു.

മൂന്നും നാലും വരികളടക്കമുള്ള അദീർഘകവിതകളിലാണ് അസ്മോയുടെ
സൂക്ഷ്മത കൃത്യമായി ദർശിക്കാൻ കഴിയുന്നത്. വാഗ്മീകം എന്ന കവിത
അമിതപ്രസംഗത്തിന്റെ കാലത്തേക്ക് നിറയൊഴിക്കുന്നുണ്ട്.
"എന്റെ വേദി
എന്റെ മൈക്ക്
എന്റെ നാക്ക്
പാവം സദസ്സ്."

പ്രസംഗം എന്ന കവിതയും ഇതേവഴിക്കു തന്നെ സഞ്ചരിക്കുന്നു.

" ഉള്ളിന്റെയുള്ളിൽ
മുനിഞ്ഞു കത്തേണ്ട
സ്നേഹം
നാവിന്റെ തുമ്പിൽ
കരിന്തിരിയാകുന്നു."

പിൻഗാമിയെന്ന കവിത അസ്മോ ദുഖത്തിന് മുകളിൽ പുരട്ടിയ
പുഞ്ചിരിയാണ്.

" ഭാര്യ പരിതപിച്ചു
ഇതുവരെ നമുക്ക്
കുഞ്ഞു ജനിച്ചിട്ടില്ല.
കവി പ്രതികരിച്ചു.
നമുക്കല്ലാതെ
ഈ ലോകത്ത്
ഒരു കുഞ്ഞും
ജനിച്ചിട്ടില്ല."

അസ്മോയുടെ മൂന്നു ഹൈക്കുകളിൽ ഒന്നാം ഹൈക്കു ഇങ്ങനെയാണ്.
" അവൾ മരുന്നു കഴിച്ചു തുടങ്ങുന്നു
രോഗം അവളോട്
കലഹിച്ചു പടിയിറങ്ങുന്നു."

മൌനം എന്ന കവിത ഇങ്ങനെയാണ്.
" എല്ലാരെയും
മിത്രങ്ങളാക്കാൻ
കഴിയില്ലെങ്കിലും
ആരെയും
ശത്രുക്കളാക്കാതിരിക്കാൻ
മൌനം കുടിക്കുക."

അകാലത്തിൽ അന്തരിച്ച ടി.വി.കൊച്ചുബാവയെ കവിതയിൽ അസ്മോ
അടയാളപ്പെടുത്തിയിട്ടുണ്ട്.
" പിണങ്ങാൻ കാരണം
തേടിയെത്തുമ്പോഴേക്കും
ഇണങ്ങിക്കഴിഞ്ഞിരിക്കും.
ഇണങ്ങിക്കഴിയുമ്പോഴേക്കും
പിണക്കം തുടങ്ങിയിരിക്കും.
ഇതെന്തു സൌഹൃദമെന്ന്
ചോദിക്കുന്നവർക്ക്
ഉത്തരം തന്നെ കൊച്ചുബാവ."

ഒരു പിടി കവിതകൾ മാത്രമാണ് അസ്മോ പുത്തൻചിറ മലയാളത്തിനു
തന്നത്. ആ കവിതകൾ ഓർമ്മയുടെ അടയാളങ്ങളായി രൂപപ്പെടുത്തിയിരിക്കുന്നു.
ഓരോ കവിതയും അസ്മോയിലെ, അശാന്തതക്കെതിരെ പോരാടുന്ന കവിയെ
കാട്ടിത്തരുന്നു.

ഇളംതലമുറയിലെ കവികളോടു വലിയ സ്നേഹമായിരുന്നു അസ്മോക്ക്.
മരിക്കുന്ന ദിവസം പോലും അദ്ദേഹം പലരുമായും സംസാരിച്ചു.
അസ്മോയുടെ പേരിൽ വന്ന അജ്ഞാത വൈറസ്സിനെ കുറിച്ചാണ് എന്നോടു ഒടുവിൽ
പറഞ്ഞത്. അത് മരിക്കുന്ന ദിവസം രാവിലെ ആയിരുന്നു.
തുറന്നാൽ സിസ്റ്റം മരിച്ചു പോകാവുന്ന വൈറസ്. അത് തുറക്കരുത്
എന്ന് എന്നോടു അസ്മോ പറഞ്ഞു.

അസ്മോ ആ ലിങ്ക് താങ്കൾ തുറന്നോ?

അസ്മോ പുത്തൻചിറയുടെ ഓർമ്മയ്ക്ക്‌ മുന്നിൽ തല കുനിക്കുന്നു.

3 comments:

  1. ശാന്തസ്വരൂപനായ ഒരു വലിയ മനുഷ്യന്‍.

    ReplyDelete
  2. ആദരാഞ്ജലികള്‍
    അത്രമാത്രം

    ReplyDelete
  3. ‘മൂന്നും നാലും വരികളടക്കമുള്ള അദീർഘകവിതകളിലാണ് അസ്മോയുടെ
    സൂക്ഷ്മത കൃത്യമായി ദർശിക്കാൻ കഴിയുന്നത്. വാഗ്മീകം എന്ന കവിത
    അമിതപ്രസംഗത്തിന്റെ കാലത്തേക്ക് നിറയൊഴിക്കുന്നുണ്ട്. ‘
    അസ്മോക്ക് ആദരാഞ്ജലികള്‍

    ReplyDelete