Wednesday 28 December 2016

ചലച്ചിത്ര മേളയിലെ മാവോയിസ്റ്റ്‌ സിനിമകൾ


അപൂർവം നല്ല ചിത്രങ്ങളാൽ വളരെ ശ്രദ്ധേയമായിരുന്നു ഇരുപത്തൊന്നാമത്‌ അന്താരാഷ്ട്ര ചലച്ചിത്രമേള. വലിയ പിഴവുകളില്ലാത്ത സംഘാടനം ഈ മേളയുടെ പ്രത്യേകതയായിരുന്നു. പ്രേക്ഷകരിൽ ഒരാളായി നിന്ന്‌ കാര്യങ്ങൾ നിയന്ത്രിച്ച ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.

വിശ്വവിപ്ലവമഹാകവി പാബ്ലോനെരൂദയെക്കുറിച്ച്‌ തീവ്രകാവ്യഭംഗി തുളുമ്പുന്ന ഒരു ചിത്രം കാണാൻ കഴിഞ്ഞത്‌ ഈ മേളയിലെ നല്ല അനുഭവമായി. വടക്കൻ കൊറിയയിലായാലും തെക്കൻ കൊറിയയിലായാലും പീഡിപ്പിക്കപ്പെടുന്ന മനുഷ്യനോടൊപ്പം വേണം കലാകാരൻ നിലയുറപ്പിക്കുവാൻ എന്ന്‌ നെറ്റ്‌ എന്ന ചിത്രത്തിലൂടെ പറഞ്ഞു കിംകിഡുക്ക്‌. ഇത്ര പച്ചയായി മനുഷ്യപക്ഷ രാഷ്ട്രീയം പറയുന്ന ഒരു കിംകിഡുക്ക്‌ ചിത്രം ചലച്ചിത്രമേളയിൽ മുമ്പു കണ്ടിട്ടില്ല. ബുദ്ധശിരസിനു കീഴിൽ കൊലക്കത്തി ഒളിപ്പിച്ചു വയ്ക്കുന്ന ചില സൗന്ദര്യാത്മക രാഷ്ട്രീയം കിംകിഡുക്കിന്റെ ചിത്രങ്ങളിൽ നേരത്തെ കണ്ടിട്ടുണ്ട്‌, എന്നാൽ തുറന്ന രാഷ്ട്രീയപക്ഷം ഇതാദ്യം.

വിധു വിൻസെന്റിന്റെയും ജയൻ ചെറിയാന്റെയും മലയാള ചിത്രങ്ങൾക്ക്‌ വലിയ പ്രേക്ഷക സാന്നിധ്യമുണ്ടായി. അടൂർ ഗോപാലകൃഷ്ണനെപ്പോലെയുള്ള ഒരു വിശ്വചലച്ചിത്ര പ്രതിഭ മിക്ക  ദിവസങ്ങളിലും സിനിമ കാണാനെത്തിയതും ഒരു പ്രത്യേകതയായിരുന്നു.

പൊലീസ്‌ വേട്ടകളിലൂടെ അടുത്ത കാലത്ത്‌ കേരളത്തിൽ ശ്രദ്ധിക്കപ്പെട്ട മാവോയിസ്റ്റു സാന്നിധ്യം ഓർമിപ്പിക്കുന്ന ഒരു ചിത്രമായിരുന്നു ഡോ. ബിജുവിന്റെ കാടുപൂക്കുന്ന നേരം. മാവോയിസ്റ്റു സാന്നിധ്യം ഉണ്ട്‌ എന്ന സംശയത്താൽ കാട്ടിലെത്തുന്ന പൊലീസ്‌ സംഘം ഒരു ആദിവാസി സ്കൂളിൽ താമസമുറപ്പിക്കുന്നു. നിസഹായരായ അധ്യാപകർക്കും വിദ്യാർഥികൾക്കും വഴങ്ങിക്കൊടുക്കുകയേ വഴിയുണ്ടായിരുന്നുള്ളു. ചില കുട്ടികൾ ക്ലാസ്‌ റൂം പിടിച്ചെടുത്ത പൊലീസിനു നേരെ ഒന്നോരണ്ടോ കല്ലുകൾ പെറുക്കിയെറിയുകയും ചെയ്തു. അവിടെ പ്രത്യക്ഷപ്പെട്ട പൊലീസ്‌ വിരുദ്ധവും പോരാട്ടം വിജയിക്കട്ടെ എന്നെഴുതിയതുമായ പോസ്റ്ററുകൾ പൊലീസിന്റെ സംശയത്തെ ഉറപ്പിക്കുന്നു.

മാവോയിസ്റ്റിൻ തേടി കാട്ടിലെത്തിയ ഒരു പൊലീസ്‌ സേനാംഗം സൈനിക വേഷം ധരിച്ച ഒരു സ്ത്രീയെ പിന്തുടരുന്നു. അവർ പൊലീസ്‌ സേനാംഗത്തെ കാട്ടിനുള്ളിൽ വഴി തെറ്റിക്കുന്നു. അവരുടേയും വനവാസികളുടെയും സ്നേഹപൂർണവും ഔദാര്യപൂർണവുമായ സമീപനം പൊലീസുകാരനിൽ മാനുഷിക ബോധത്തിന്റെ നാമ്പുകൾ മുളപ്പിക്കുന്നു.

ക്യാമ്പിൽ തിരിച്ചെത്തുമ്പോഴേയ്ക്കും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നു കരുതിയ ഈ പൊലീസുകാരന്‌ മറ്റൊരു വാർത്തയാണ്‌ കേൾക്കാൻ കഴിഞ്ഞത്‌. തന്നെ ‘വധിച്ച’ മാവോവാദികളെയെല്ലാം അകത്താക്കിയിരിക്കുന്നു.

മറ്റൊരു വനത്തിലേക്ക്‌ മാവോവാദികളെ തേടിപ്പോകുന്ന പൊലീസുകാർ നീലവണ്ടിയിലിരുന്ന്‌ കടലിനക്കെ പോണോരേ എന്ന സലിൽ ചൗധരിയുടെ പാട്ടുപാടുന്നു. റിമാ കല്ലിങ്കലിന്റെ സംയമനത്തോടെയുള്ള അഭിനയം, ഇന്ദ്രജിത്തിന്റെ നിസഹായതയും മിത്വവും ഫലിപ്പിക്കുന്ന അഭിനയം, എം ജെ രാധാകൃഷ്ണന്റെ കവിത തുളുമ്പുന്ന ഛായാഗ്രഹണം ഇതെല്ലാം ഈ ചിത്രത്തിന്റെ തിളക്കങ്ങളാണ്‌. നിരവധി നല്ലചിത്രങ്ങൾ നമുക്കു തന്ന ഡോ. ബിജു മറ്റൊരു നല്ല ചിത്രം കൂടി തന്ന്‌ നമ്മളെ ധന്യരാക്കിയിരിക്കുന്നു.

ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ സമുന്നത നേതാക്കളായ പന്ന്യൻ രവീന്ദ്രന്റെയും കാനം രാജേന്ദ്രന്റെയും സാന്നിധ്യത്തിലാണ്‌ കാടുപൂക്കുന്ന കാലം പ്രദർശിപ്പിച്ചത്‌.

മാവോയിസ്റ്റ്‌ പ്രസ്ഥാനം അധികാരത്തിലെത്തിയ നേപ്പാളിൽ ആ പ്രസ്ഥാനത്തിന്റെ ജനകീയ അടിത്തറയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള ഒരു ചിത്രമായിരുന്നു ദീപക്‌ റൗണിയാർ സംവിധാനം ചെയ്ത വെളുത്ത സൂര്യൻ. പ്രചണ്ഡ എന്ന പേരു കൊണ്ടുതന്നെ ആളുകളിൽ പ്രകമ്പനം സൃഷ്ടിച്ച പുഷ്പകമൽ ദഹൽ പ്രധാനമന്ത്രിയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തിന്റെ വിമോചന സംഘടനയിൽ പോരാളിയായിരുന്ന അഗ്നി എന്ന സഖാവ്‌ പിതാവിന്റെ മരണത്തെത്തുടർന്ന്‌ വീട്ടിലെത്തുന്നതോടെ സിനിമ തുടങ്ങുന്നു. രാജാവിനെ അനുകൂലിക്കുന്ന സഹോദരനും അഗ്നിയും തമ്മിൽ കയ്യേറ്റമുണ്ടാകുന്നു. ശവശരീരം ജാതി വ്യവസ്ഥയുടെയും ദുരാചരണത്തിന്റെയും ഇടപെടലുകൾ അനുഭവിച്ച്‌ വഴിയിൽ വീണുകിടക്കുന്നു. മുതിർന്നവർ വഴക്കിട്ട്‌ അകലുമ്പോൾ കുട്ടികൾ മൃതശരീരം സംസ്കരിക്കുന്നു.

പാർലമെന്റംഗമായ ഒരു മാവോയിസ്റ്റ്‌ നേതാവിനെ സിനിമയിൽ കാണാം. അനാർഭാടമായി നടത്തുന്ന ഒരു കല്യാണത്തിൽ പങ്കെടുക്കാൻ കോട്ടും സ്യൂട്ടും ടൈയ്യും ധരിച്ച്‌ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന മാവോവാദി നേതാവ്‌. ബസ്‌ സ്റ്റാൻഡിൽ ഉറങ്ങുന്ന ഒരു കുട്ടിയുണ്ട്‌ ഈ സിനിമയിൽ. ഞാൻ മനുഷ്യനല്ല ചുമട്ടുതൊഴിലാളിയാണ്‌ എന്ന്‌ പറയുമ്പോൾ കാണികളിലേക്ക്‌ ഒരു വിങ്ങൽ പടർന്നുകയറും. നിങ്ങൾ മാവോയിസ്റ്റാണോ, നിങ്ങളാണോ എന്റെ അച്ഛനമ്മമാരെ കൊന്നത്‌ എന്ന്‌ പറഞ്ഞ്‌ ഈ കുട്ടി അഗ്നി സഖാവിനെ നിരന്തരം തല്ലുമ്പോൾ ആ വിങ്ങൽ ഒരു ജ്വാലയായി കാണികളിൽ പടരുന്നുണ്ട്‌.

മാവോയിസ്റ്റ്‌ രാഷ്ട്രീയത്തിന്റെ അപചയം ചൂണ്ടിക്കാണിക്കുന്നതാണ്‌ നേപ്പാളിൽ നിന്നു വന്ന വെളുത്ത സൂര്യൻ എന്ന ഈ സിനിമ. കാടുപൂക്കുന്ന നേരവും വെളുത്ത സൂര്യനും വിവിധ ചിന്തകളെ കാണികളിൽ ഉണർത്തുവാൻ പ്രേരിപ്പിക്കുന്നുണ്ട്‌.

1 comment:

  1. വിശ്വവിപ്ലവമഹാകവി പാബ്ലോനെരൂദയെക്കുറിച്ച്‌ തീവ്രകാവ്യഭംഗി തുളുമ്പുന്ന ഒരു ചിത്രം കാണാൻ കഴിഞ്ഞത്‌ ഈ മേളയിലെ നല്ല അനുഭവമായി. വടക്കൻ കൊറിയയിലായാലും തെക്കൻ കൊറിയയിലായാലും പീഡിപ്പിക്കപ്പെടുന്ന മനുഷ്യനോടൊപ്പം വേണം കലാകാരൻ നിലയുറപ്പിക്കുവാൻ എന്ന്‌ നെറ്റ്‌ എന്ന ചിത്രത്തിലൂടെ പറഞ്ഞു കിംകിഡുക്ക്‌. ഇത്ര പച്ചയായി മനുഷ്യപക്ഷ രാഷ്ട്രീയം പറയുന്ന ഒരു കിംകിഡുക്ക്‌ ചിത്രം ചലച്ചിത്രമേളയിൽ മുമ്പു കണ്ടിട്ടില്ല. ബുദ്ധശിരസിനു കീഴിൽ കൊലക്കത്തി ഒളിപ്പിച്ചു വയ്ക്കുന്ന ചില സൗന്ദര്യാത്മക രാഷ്ട്രീയം കിംകിഡുക്കിന്റെ ചിത്രങ്ങളിൽ നേരത്തെ കണ്ടിട്ടുണ്ട്‌, എന്നാൽ തുറന്ന രാഷ്ട്രീയപക്ഷം ഇതാദ്യം.

    ReplyDelete