Wednesday 12 July 2017

നിലവറകൾ രഹസ്യസങ്കേതങ്ങളാകരുത്‌


ജനാധിപത്യഭരണഘടന നിലവിലുള്ള ഒരു രാജ്യത്ത്‌ എല്ലാം അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്‌. ജനങ്ങളാണ്‌ രാജ്യം ഭരിക്കുന്നത്‌. സുൽത്താന്മാരോ സ്വേച്ഛാധിപതികളോ അല്ല.

ഒരു രാജ്യത്തെ പട്ടാളക്കാരുടെയും തോക്കുകളുടെയും മറ്റ്‌ മാരകായുധങ്ങളുടെയും കണക്ക്‌ ജനപ്രതിനിധികളെങ്കിലും മനസിലാക്കിയിരിക്കേണ്ടതാണ്‌. പടിപടിയായി അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വിവരാവകാശ നിയമം പൗരാവകാശത്തെയാണ്‌ ചോദ്യം ചെയ്യുന്നത്‌.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ നിലവറ തുറക്കുന്നത്‌ ക്ഷേത്രാചാരത്തിന്‌ വിരുദ്ധമാണ്‌ എന്ന രാജകുടുംബത്തിന്റെ അഭിപ്രായം നീതിക്കോ ചരിത്രത്തിനോ നിരക്കുന്നതല്ല. ഭരതക്കോൺ എന്ന്‌ രേഖകളിൽപ്പറയുന്ന ഈ നിലവറ പതിനഞ്ച്‌ വർഷം മുമ്പ്‌ തുറന്നതായുള്ള രേഖകൾ പുറത്തിവന്നിരിക്കുകയുമാണ്‌. രേഖകളനുസരിച്ച്‌ ബി നിലവറയിൽ പത്മനാഭനെ അണിയിക്കുവാനുള്ള വെള്ളിഅങ്കികളും ആഭരണങ്ങളും വെള്ളിക്കട്ടികളുമാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌. പത്മനാഭൻ ഇതൊന്നും സ്വയം എടുത്തണിയുകയില്ല എന്നത്‌ ഒരു ദൈവീക പരാധീനതയാണ്‌.

ലക്ഷങ്ങൾ വിലമതിക്കുന്ന ഈ ആഭരണങ്ങൾ എങ്ങനെയാണ്‌ അവിടെ എത്തിയത്‌. തിരുവിതാംകൂർ മഹാരാജാവിന്റെ കൈകളിലേയ്ക്ക്‌ വൈകുണ്ഠത്തുനിന്നും ദൈവം ഇട്ടുകൊടുത്തതൊന്നുമല്ല. മെയ്യനങ്ങാത്ത ഭരണാധികാരികൾ തലക്കരം, മീശക്കരം, പുരക്കരം, മുലക്കരം തുടങ്ങിയ അപമാനകരമായ നിരവധി മനുഷ്യവിരുദ്ധ നികുതികളിലൂടെ സമാഹരിച്ച ധനമാണ്‌ എവിടെയും രാജകീയ സമ്പത്തായി മാറിയിട്ടുള്ളത്‌. അധ്വാനിക്കുന്നവന്റെ വിയർപ്പിന്റെ വിലയാണത്‌. വിദേശത്തുനിന്നും സംഭാവന ലഭിച്ചതാണെങ്കിൽ അത്‌ വിദേശങ്ങളിലെ പണിയാളരുടെ പണമാണ്‌.

എല്ലാ ക്ഷേത്രാചാരങ്ങളും മനുഷ്യനുണ്ടാക്കിയതാണ്‌. ക്ഷേത്രങ്ങളും ക്ഷേത്രവാസികളായ ദൈവങ്ങളും മനുഷ്യസൃഷ്ടിയാണ്‌. തഞ്ചാവൂരടക്കമുള്ള പ്രദേശങ്ങളിൽ നിന്നും വന്ന്‌ മെച്ചപ്പെട്ട കൂലിയൊന്നും  ലഭിക്കാതെ പൊരിവെയിലത്ത്‌ പണിയെടുത്ത തൊഴിലാളികളുടെ നിർമ്മിതിയാണ്‌ പത്മനാഭസ്വാമി ക്ഷേത്രം. അവിടെ തൊഴിലാളികൾ പ്രവേശിക്കരുതെന്ന്‌ നിയമമുണ്ടാക്കിയതും പിന്നീട്‌ അത്‌ തിരുത്തിയതും മനുഷ്യരാണ്‌. മനുഷ്യൻ കണ്ടെത്തിയതോ നിർമ്മിച്ചതോ അല്ലാത്ത ഒരു ആരാധനാലയവും ലോകത്തെവിടെയും ഇല്ല.

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശേഖരിച്ചുവച്ചിരിക്കുന്ന സമ്പത്തിൽ അഹിന്ദുക്കളുടെ പണമുണ്ടോ? തീർച്ചയായും ഉണ്ട്‌. തിരുവിതാംകൂറിൽ താമസിച്ചിരുന്ന ക്രിസ്ത്യാനികളും മുസ്ലിങ്ങളും കരമൊടുക്കാൻ ബാധ്യസ്ഥരായിരുന്നു. അവരടച്ച നികുതിത്തുകയും സ്വാഭാവികമായി ഈ നിലവറയിൽ എത്തിയിട്ടുണ്ട്‌.

ജനകീയ ഭരണാധികാരികൾ നിധി കാക്കുന്ന ഭൂതങ്ങളാകരുത്‌. അത്‌ സംവത്സരങ്ങൾ വൈകിയാണെങ്കിൽക്കൂടിയും ജനനന്മയ്ക്കായി വിനിയോഗിക്കാനുള്ളതാണ്‌. അതിന്റെ പോഷകഫലങ്ങൾ അനുഭവിക്കുന്നതിൽ ജാതിമതവ്യത്യാസം ഉണ്ടാകരുത്‌.

തിരുവിതാംകൂർ ഇന്ത്യയിൽ ചേരുന്നതു സംബന്ധിച്ച്‌ പറഞ്ഞു പ്രചരിച്ച ഒരു ഫലിത കഥയുണ്ട്‌. സംസ്ഥാനങ്ങളെ ഇന്ത്യൻ യൂണിയനിൽ ചേർക്കുന്നതിന്‌ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വലംകൈയായി പ്രവർത്തിച്ച വി പി മേനോൻ ഇതുസംബന്ധിച്ച്‌ മഹാരാജാവിന്‌ ഫോൺ ചെയ്തു. രാജ്യം തന്റേതല്ലെന്നും പത്മനാഭസ്വാമിയുടെതാണെന്നും അദ്ദേഹം സമ്മതിച്ചാൽ മാത്രമേ ഇന്ത്യൻ യൂണിയനിൽ ചേരാൻ കഴിയൂ എന്നും രാജാവ്‌ പറഞ്ഞത്രേ. പത്മനാഭനുമായി സംസാരിക്കുകയും അദ്ദേഹം സമ്മതിച്ചെന്ന്‌ പറയുകയും ചെയ്തപ്പോഴാണത്രെ മഹാരാജാവും സമ്മതിച്ചത്‌. നിലവറിയിലെ സമ്പത്ത്‌ പ്രജകൾക്കുവേണ്ടി ചെലവാക്കുന്നതിന്‌ പത്മനാഭസ്വാമിക്ക്‌ സമ്മതമാണെന്ന്‌ രാജാവിനോട്‌ പറയുവാൻ ഇന്ന്‌ വി പി മേനോൻ ഇല്ലല്ലോ.

തീർത്തും കേരളത്തിന്റേതായ ഈ ക്ഷേത്രസമ്പത്തിൽ മലയാളമറിയാത്ത കേന്ദ്രസർക്കാർ അവകാശമുന്നയിക്കേണ്ട കാര്യമൊന്നുമില്ല. ഈ സമ്പത്ത്‌ മലയാളികളുടെ അവകാശമാണ്‌. കേരളത്തിന്റെ പുരോഗതിക്ക്‌ വിനിയോഗിക്കാനുള്ളതാണ്‌ കേരളീയരായ പൂർവികരുടെ വിയർപ്പിന്റെ ഈ സുവർണഫലം.

തിരുവിതാംകൂർ രാജകുടുംബം പൊതു തെരഞ്ഞെടുപ്പിന്‌ വോട്ട്‌ രേഖപ്പെടുത്താറില്ല. അതിനാൽ വോട്ടർമാർക്കവകാശപ്പെട്ടതാണ്‌ ഈ സമ്പത്തെന്ന്‌ അവർ സമ്മതിക്കുകയുമില്ല. സ്വേച്ഛാധിപത്യവും ജനാധിപത്യവും തമ്മിൽ ഏഴ്‌ കടലിന്റെ അകലമുണ്ടല്ലോ.

1 comment:

  1. തീർത്തും കേരളത്തിന്റേതായ
    ഈ ക്ഷേത്രസമ്പത്തിൽ മലയാളമറിയാത്ത
    കേന്ദ്രസർക്കാർ അവകാശമുന്നയിക്കേണ്ട കാര്യമൊന്നുമില്ല.
    ഈ സമ്പത്ത്‌ മലയാളികളുടെ അവകാശമാണ്‌. കേരളത്തിന്റെ
    പുരോഗതിക്ക്‌ വിനിയോഗിക്കാനുള്ളതാണ്‌ കേരളീയരായ പൂർവികരുടെ
    വിയർപ്പിന്റെ ഈ സുവർണഫലം...

    ReplyDelete