Thursday 24 August 2017

സ്കൂട്ടർ




സ്കൂട്ടർ പറന്നു പോകുന്നു
ഗോപുരാഗ്രത്തിനും കൊടുമുടിക്കും മേഘ-
വാഹനങ്ങൾക്കും പരേതർക്കുമപ്പുറം
നീലവാനം വിഷംതീണ്ടിക്കിടക്കുന്ന
താരങ്ങൾ മേയുന്ന മേഖലയ്ക്കപ്പുറം
ഛിദ്രഗ്രഹങ്ങളിൽ സൂര്യരക്തത്തിനാൽ
മുദ്രകുത്തുന്ന പുലർച്ചകൾക്കപ്പുറം
കാലംകടിച്ച കടംകഥപക്ഷികൾ
കൂടുകൂട്ടും വ്യോമപക്ഷത്തിനപ്പുറം
സ്കൂട്ടർ പറന്നു പോകുന്നു

മാന്ത്രികർ കാഞ്ഞിരക്കോലത്തിലാണിയും
വാളും തറക്കുന്ന ക്ഷുദ്രയാമങ്ങളിൽ
സ്വപ്നങ്ങളെക്കൊന്നു തിന്നുവാൻ നിൽക്കുന്ന
യക്ഷിയെ പ്രാപിച്ചുണർന്ന യുവത്വവും 
സത്യങ്ങളും തമ്മിലേറ്റുമുട്ടീടുന്ന
യുദ്ധമുഹൂർത്തം ചുവക്കുന്ന രാത്രിയിൽ
ഏതോ പുരാതനജീവി കാലത്തിന്റെ 
പാലംകടക്കെ പുഴയിലുപേക്ഷിച്ചൊ-
രസ്തികൂടംപോലെ നെറ്റിയിൽ കത്തുന്നൊ-
രൊറ്റ നേത്രത്തോടെ യുഗ്രവേഗത്തിലീ
സ്കൂട്ടർ പറന്നു പോകുന്നു

കാറ്റലറുന്നു
കടൽ പിടയ്കുന്നു
കാവൽമരത്തിൻ കഴുത്തൊടിയുന്നു
പാട്ടുമറന്നൊരിരുൾക്കിളി നെഞ്ചിലെ
കാട്ടിലൂടേതോ മൃതിച്ചില്ലയിൽച്ചെന്നു
തൂവൽമിനുക്കിയെരിഞ്ഞു വീഴുന്നു 
ഞാൻ കണ്ടുനിൽക്കെ നിലാവസ്തമിക്കുന്നു
ജ്ഞാനോദയത്തിൻ പുകക്കണ്ണിൽനിന്നൊരു
സ്ക്കൂട്ടർ പറന്നു പോകുന്നു.


റോഡപകടത്തിൽ മരിച്ചൊരാളൊറ്റക്കു
സ്കൂട്ടറിൽ ഭൂമിയെച്ചുറ്റുന്നു, യന്ത്രങ്ങൾ
പറകൊട്ടിയലറുന്ന നഗരത്തിൽനിന്നുമി-
ന്നൊരുകിനാവിന്റെ ദുർമരണം വമിക്കുന്നു.


ചുടുചോരയിന്ധനം
ഭ്രമണതാളത്തിൻറെ ലഹരിയിൽ പെയ്യും
വിപത്തിന്റെ പാട്ടുമായ്
സ്കൂട്ടർ പറന്നു പോകുന്നു

പ്രേതകഥ വായിച്ചുറങ്ങിയോർ കമുകിന്റെ
പാളയിൽ പിറ്റേന്നുണർന്നെഴുന്നേൽക്കവേ
തെരുവിലാൾക്കൂട്ടം മുഖം മറച്ചോടവേ
കതിനകൾ ചിന്തയിൽ പൊട്ടിച്ചിതറവേ
തീകത്തിവീഴും കിളിക്കൂടുപോൽ
ഉരഞ്ഞാളി വീഴാറുള്ളൊരാകാശക്കല്ലുപോൽ
സ്കൂട്ടർ തകർന്നുവീഴുന്നു
സഞ്ചാരിപാടിയ മരണഗാനംകേട്ടു
സ്കൂട്ടർ തകർന്ന് വീഴുന്നു

1 comment:

  1. ചുടുചോരയിന്ധനം
    ഭ്രമണതാളത്തിൻറെ ലഹരിയിൽ പെയ്യും
    വിപത്തിന്റെ പാട്ടുമായ് സ്കൂട്ടർ പറന്നു പോകുന്നു ...!

    ReplyDelete