Tuesday 26 September 2017

ആദിവാസികളെ വിദ്യാര്‍ഥികള്‍ ദത്തെടുത്തപ്പോള്‍


ആദായകരമല്ലാത്ത വിദ്യാലയങ്ങള്‍ ചില സന്നദ്ധസംഘടനകള്‍ ദത്തെടുക്കാറുണ്ട്. സ്‌കൂളിലെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉപകരണങ്ങളും പഠനസഹായികളും ലഭ്യമാക്കുന്നതിനും അവര്‍ ശ്രദ്ധിക്കാറുണ്ട്. ഇതിന്റെ ഫലമായി കേരളത്തിലെ പല സ്‌കൂളുകളിലേയും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെട്ടിട്ടുമുണ്ട്.

എന്നാല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഒരു ആദിവാസി ഊര് ഏറ്റെടുക്കുന്നത് സാധാരണ സംഭവമല്ല. നഗരത്തിലെ സമ്പന്ന വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ക്കൊന്നും തോന്നാത്ത ഈ മനുഷ്യസ്‌നേഹ നടപടി തോന്നിയത് കൊല്ലം ജില്ലയിലെ തേവന്നൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ്. തൊഴിലാളി കുടുംബങ്ങളില്‍ നിന്നും വരുന്നവരാണ് ഈ സ്‌കൂളില്‍ അധികവുമുള്ള കുഞ്ഞുങ്ങള്‍. അവര്‍ പുനലൂര്‍ കോന്നി വനമേഖലകളിലുള്ള കിഴക്കേ വെള്ളംതെറ്റി ആദിവാസി ഊര് ദത്തെടുത്തു.

മലമ്പണ്ടാര വിഭാഗത്തിലുള്ളവരാണ് ഇവിടത്തെ ആദിവാസികള്‍. ഇരുപത്തഞ്ചു കുടുംബങ്ങള്‍. ഊരിലെ ജനസംഖ്യ എഴുപതിലധികമില്ല. ആദിവാസികള്‍ക്ക് ഇത്രയും കാലം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വാരിക്കോരി കൊടുത്തിട്ടും ഈ ഊരില്‍ പത്താംതരം പാസായവര്‍ ആരും തന്നെയില്ല. സര്‍ക്കാര്‍ ഉദേ്യാഗസ്ഥരുമില്ല. വെള്ളംതെറ്റിയിലേക്കുള്ള ഗതാഗതമാര്‍ഗങ്ങള്‍ പരമദയനീയമാണ്.

വനംവകുപ്പ് പ്രതിനിധിയായ ഊരുമിത്ര ടി ആര്‍ ഷിബുവിന്റെ ഉത്സാഹത്തിലാണ് ദത്തെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായത്. ആദ്യഘട്ടമായി റേഷന്‍കാര്‍ഡ്, ആധാര്‍, ബാങ്ക് അക്കൗണ്ട് എന്നിവ അംഗങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള പ്രവര്‍ത്തനം തുടങ്ങി.
സ്‌കൂള്‍ കുട്ടികള്‍ സമാഹരിച്ച പണം ഉപയോഗിച്ച് ഇരുപത്തഞ്ച് കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകള്‍ നല്‍കി. ആദിവാസി അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഓണക്കോടി കൊടുത്തു. കുഞ്ഞുങ്ങള്‍ക്കെല്ലാം കളിപ്പാട്ടങ്ങളും കൊടുത്തു.

സ്‌കൂള്‍ കുട്ടികളുടെ മാതൃകാപരമായ ഈ സ്‌നേഹസംരംഭങ്ങള്‍ കണ്ടപ്പോള്‍ അഞ്ചല്‍ ആയുര്‍വേദ ആശുപത്രിയുടെ ചുമതലബോധം ഉണര്‍ന്നു. അവര്‍ ഡോക്ടര്‍ മനീഷിന്റെ നേതൃത്വത്തില്‍ ആദിവാസി ഊരില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി.

കുട്ടികളുടെ ഉത്സാഹം മുതിര്‍ന്നവരുടെ ചിന്തകളേയും ചലിപ്പിച്ചു. ഭിന്നശേഷിക്കാരനായ ഊരുമൂപ്പന് സ്‌കൂട്ടര്‍ നല്‍കാമെന്ന് പഞ്ചായത്ത് സമിതി തീരുമാനിച്ചു. അങ്കണവാടി ടീച്ചറുടെ നേതൃത്വത്തില്‍ അടുത്ത ഓണക്കാലത്തേക്കുള്ള അത്തച്ചിട്ടിയും ആരംഭിച്ചു. നാല്‍പതോളം ആളുകള്‍ ഇപ്പോള്‍ അത്തച്ചിട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്. ഊരുവാസികള്‍ക്ക് ഇപ്പോള്‍ മലയാളവും ഇംഗ്ലീഷും എഴുതാനും വായിക്കാനുമുള്ള പരിശീലനവും തുടങ്ങുകയാണ്.
ഡിസംബര്‍ മാസത്തോടെ ഊരിലെ കൃഷിഭൂമികളില്‍ സമൃദ്ധമായി വെള്ളമെത്തിക്കാനുള്ള ശ്രമത്തിലാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ഇക്കഴിഞ്ഞ ഓണക്കാലത്ത് തേവന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും വിദ്യാര്‍ഥികളും അധ്യാപകരും രക്ഷകര്‍ത്താക്കളും അടങ്ങുന്ന ഇരുന്നൂറോളം ആളുകള്‍ വെള്ളം തെറ്റി ഊരിലെത്തി. ആദരണീയരായ ആദിമനിവാസികളോടൊപ്പം അവര്‍ ഓണമുണ്ടു. അറുപത്തഞ്ചുകാരിയായ ആദിവാസി അമ്മ ഇന്ദിര മധുരതരമായ ഒരു നാടന്‍പാട്ട് ചൊല്ലി സ്‌കൂള്‍ സംഘത്തെ അഭിവാദ്യം ചെയ്തു.

ആദിവാസികളും വനംവകുപ്പ് ജീവനക്കാരും ചൂണ്ടിക്കാണിച്ചുകൊടുത്ത വഴിയിലൂടെ എല്ലാവരും ചേര്‍ന്ന് നാല് കിലോമീറ്ററിലധികം വനയാത്രയും നടത്തി. ആന, മ്ലാവ്, മയില്‍ തുടങ്ങിയ വന്യജീവികളെ നേരിട്ടുകണ്ട് കുട്ടികള്‍ കൗതുകപ്പെടുകയും സന്തോഷിക്കുകയും ചെയ്തു.
വിലപ്പെട്ട ഒരു പാഠമാണ് തേവന്നൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ സമൂഹത്തിന് നല്‍കിയത്. ജീവിത വൈഷമ്യങ്ങളില്‍പ്പെട്ട ആദിവാസികളുടെ പ്രശ്‌നങ്ങള്‍ സ്വന്തം പ്രശ്‌നങ്ങള്‍ തന്നെയാണെന്ന് കുഞ്ഞുങ്ങള്‍ തിരിച്ചറിഞ്ഞു. ടോട്ടോച്ചാന്‍ പഠിച്ചതുപോലെ അവര്‍ ആദിവാസികളില്‍ നിന്നും വനജീവിതം നേരിട്ടു പഠിച്ചു.

വിദ്യാലയങ്ങളെ സര്‍ക്കാരും സമൂഹവും ശ്രദ്ധിക്കുന്നതുപോലെ വിദ്യാലയങ്ങള്‍ക്ക് സമീപമുള്ള ആദിവാസി ഊരുകളേയും ശ്രദ്ധിക്കാവുന്നതാണ്.

1 comment:

  1. വിലപ്പെട്ട ഒരു പാഠമാണ്
    തേവന്നൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി
    സ്‌കൂളിലെ കുട്ടികള്‍ സമൂഹത്തിന് നല്‍കിയത്.
    ജീവിത വൈഷമ്യങ്ങളില്‍പ്പെട്ട ആദിവാസികളുടെ
    പ്രശ്‌നങ്ങള്‍ സ്വന്തം പ്രശ്‌നങ്ങള്‍ തന്നെയാണെന്ന് കുഞ്ഞുങ്ങള്‍ തിരിച്ചറിഞ്ഞു. ടോട്ടോച്ചാന്‍ പഠിച്ചതുപോലെ അവര്‍ ആദിവാസികളില്‍ നിന്നും വനജീവിതം നേരിട്ടു പഠിച്ചു.

    വിദ്യാലയങ്ങളെ സര്‍ക്കാരും സമൂഹവും
    ശ്രദ്ധിക്കുന്നതുപോലെ വിദ്യാലയങ്ങള്‍ക്ക് സമീപമുള്ള
    ആദിവാസി ഊരുകളേയും ശ്രദ്ധിക്കാവുന്നതാണ്...

    ReplyDelete