Sunday 19 November 2017

കവിതയുടെ സമരമുഖം ----- രാജു ഡി മംഗലത്ത് ജനയുഗം വാരാന്തം 2017 നവംബര്‍ 19





വര്‍ഗ്ഗീയ ഫാസിസത്തിനും ജാതി-മത ഭ്രാന്തിനുമെതിരെ പൊരുതുന്ന വര്‍ത്തമാനകാല കവിതയുടെ സമരമുഖത്താണ് കുരീപ്പുഴ ശ്രീകുമാര്‍. എഴുത്തിലും ജീവിതത്തിലും ഉള്ളുറപ്പുള്ള നിലപാടുകളാണ് ഈ കവിയെ ഒരു പോരാളിയാക്കി തീര്‍ക്കുന്നത്. ഭൗതികവാദിയെന്ന നിലയിലും മാനവികവാദിയെന്ന നിലയിലും നിസ്വപക്ഷത്തോടുള്ള കൂറിലും മലയാളിയുടെ ആസ്വാദനഭൂമികയില്‍ തനതായ ഒരു ലാവണ്യമണ്ഡലത്തെയാണ് ഈ കവി നിര്‍മ്മിച്ചിട്ടുള്ളത്. കായല്‍മണമുള്ള വാക്കുകളും കലപ്പപൊഴിയിടുന്ന താളങ്ങളും കരിമീന്‍ചാട്ടങ്ങളും നിറയുന്ന വിയര്‍പ്പിന്‍സുഗന്ധമുള്ള ഒരു നാട്ടുവിശേഷമെന്ന പോലെ, കവിയുടെ ജീവിതത്തെയും കവിതയേയും കുറിച്ചുള്ള ചില വര്‍ത്തമാനങ്ങള്‍…

ചോ: ‘ഒറ്റയ്ക്കിരുന്നെന്റെ സ്വപ്നങ്ങളെക്കൊണ്ട് നൃത്ത’മാടിക്കുന്ന വ്യക്തിദുഃഖത്തില്‍ നിന്ന് സാമൂഹിക ദുഃഖത്തിലേയ്ക്കുള്ള ഒരു പരിണാമം താങ്കളുടെ കവിതകളില്‍ സംഭവിച്ചിട്ടുണ്ടല്ലോ. അതിന്റെ അനുഭവ തലമെന്താണ്?

ഉ: അതിലൊരു സ്വാഭാവികതയുണ്ട്. വ്യക്തിയുടെ ദുഃഖം സാമൂഹികമായ ദുഃഖത്തിന്റെ ഭാഗമാണ്. കലണ്ടറിലെ ഒരു മാസം ബൃഹത്തായ കാലത്തിന്റെ ഭാഗമാകുംപോലെ വ്യക്തിയുടെ ദുഃഖം ബൃഹത്തായ സമൂഹത്തിന്റെ ഭാഗമാണ്. വൈയക്തിക ദുഃഖത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ‘നഗ്നകവിതകള്‍’ പോലും വ്യക്തിപരമായ അലട്ടലിന്റെ പ്രശ്‌നങ്ങള്‍ അടങ്ങിയതാണ്. വ്യക്തിയുടെ ദുഃഖങ്ങളും സാമൂഹികമായ ദുഃഖങ്ങളും തമ്മില്‍ സമരസപ്പെട്ടുപോകുന്ന സ്വാഭാവികതയുണ്ട്.

ചോ: സമകാലീനരായ മറ്റ് കവികളില്‍ നിന്ന് വ്യത്യസ്തമായി താങ്കള്‍ ഭൗതികവാദപരമായ, നിരീശ്വരവാദപരമായ ഒരു തുറന്ന നിലപാടിനെ, മതത്തെക്കുറിച്ചും ജാതിയെക്കുറിച്ചുമുള്ള വിമര്‍ശനത്തെ, എഴുത്തിലും ജീവിതത്തിലും ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. ആ നിലപാട് എഴുത്തുകാരനെന്ന നിലയില്‍ ഇന്നത്തെ സമൂഹത്തില്‍ ഒരു നഷ്ടകച്ചവടമല്ലേ?

ഉ: ഞാന്‍ ലാഭനഷ്ടത്തില്‍ വിശ്വസിക്കുന്നയാളല്ല. എന്റെ മുമ്പേ നില്‍ക്കുന്നവര്‍ ചങ്ങമ്പുഴ, വയലാര്‍, തിരുനല്ലൂര്‍, കുറ്റിപ്പുഴ കൃഷ്ണപിള്ള ഇവരൊക്കെ എന്നേക്കാള്‍ മൂര്‍ച്ഛയോടെ ഈ നിലപാട് ഉയര്‍ത്തിപ്പിടിച്ചവരാണ്. അവര്‍ നക്ഷത്രങ്ങളായി നില്‍ക്കുന്ന ആകാശത്തിന്റെ ചോട്ടിലാണ് ഞാന്‍. അവര്‍ പറഞ്ഞതുതന്നെയാണ് ഞാന്‍ ഏറ്റുപറയുന്നത്.

ചോ: ഇങ്ങനെയൊക്കെ ശക്തമായ നിലപാടുള്ളവര്‍ എഴുത്തുകാര്‍ക്കിടയില്‍ കുറഞ്ഞുവരികയല്ലേ. ഒരു വളര്‍ച്ച യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നുണ്ടോ?

ഉ: പരന്നൊഴുകുന്നതല്ലാതെ, ഉള്ളിലേയ്‌ക്കൊതുങ്ങുന്ന, ദൃഢതയാര്‍ന്ന ഒരു വളര്‍ച്ചയുണ്ട്. പക്ഷേ, നമുക്ക് മതങ്ങളെയില്ലാതാക്കാന്‍ സാധിക്കില്ല. മതങ്ങള്‍ ലോകാവസാനം വരെയുണ്ടാകും. ലോകം അവസാനിക്കുന്നത് മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം കൊണ്ടാകും. പൗരോഹിത്യം മതങ്ങളെ അതുവരേയ്ക്കും നിലനിര്‍ത്തിക്കൊണ്ടുപോകും. എന്നാല്‍ പൗരോഹിത്യത്തിനെതിരായ സമരങ്ങളുണ്ടാകും. അവ സംഘര്‍ഷങ്ങള്‍ക്ക് കുറവുവരുത്തും. മതത്തില്‍ പൊളിച്ചെഴുത്തുകള്‍ നടക്കുന്നുണ്ട്. ശരീരം മെഡിക്കല്‍ കോളജിന് കൊടുക്കരുതെന്നും അതുംകൊണ്ട് പരലോകത്ത് പോകണമെന്നും മുമ്പ് കരുതിയിരുന്നു. ദാനത്തെക്കുറിച്ച് പറയുന്നെങ്കിലും അവയവദാനത്തെക്കുറിച്ച് ഒരു മതവും പറയുന്നില്ല. കാരണം ഈ മതങ്ങളുണ്ടായ കാലത്ത് അവയവദാനം എന്ന കാര്യം നിലവിലില്ല. ഇപ്പോള്‍ മതവിശ്വാസികള്‍ അവയവദാനത്തിന് തയ്യാറായി വരുന്നുണ്ട്. റഷീദ് കണിച്ചേരി, എന്‍എം മുഹമ്മദാലി തുടങ്ങിയവരുടെ മൃതശരീരങ്ങള്‍ മെഡിക്കല്‍ കോളജില്‍ പഠനത്തിന് നല്‍കുകയാണുണ്ടായത്. ചെറുത്തുനില്‍പ്പുകള്‍ പരാജയങ്ങളല്ല.

ചോ: യുക്തിവാദികള്‍ എണ്ണത്തില്‍ ഒരു ചെറു ന്യൂനപക്ഷം മാത്രമല്ലേ?

ഉ: യുക്തിവാദി സംഘടനകളിലൊതുങ്ങുന്നതല്ല യുക്തിവാദം. യുക്തിബോധത്തോടുകൂടി പെരുമാറുന്നവരാണ് ഭൂരിപക്ഷം ജനങ്ങളും. അതൊരു ജീവിതരീതിയാണ്. എല്ലാ മനുഷ്യരിലും ഉണര്‍ന്നിരിക്കുന്ന ഒരു ഫലമാണ് യുക്തിവാദം.

ചോ: പക്ഷേ, യുക്തിയില്ലായ്മകള്‍ ധാരാളമായി മടങ്ങിവരികയാണല്ലോ.?

ഉ: തീര്‍ച്ചയായും. അതിനെ പ്രതിരോധിക്കേണ്ടത് യുക്തിബോധം കൊണ്ടാണ്. ചില അന്തഃവിശ്വാസങ്ങള്‍ ഇല്ലാതാകുമ്പോള്‍ വേറെ ചിലത് മടങ്ങിവരുന്നുണ്ട്. ചന്ദ്രപ്പൊങ്കലും അക്ഷയ തൃതീയയുമൊക്കെ അങ്ങനെ വരുന്നതാണ്. അക്ഷയ തൃതീയ സംഘടിപ്പിക്കുന്നത് സ്വര്‍ണ കച്ചവടക്കാരാണ്.

ചോ: ഈ യുക്തിയില്ലായ്മകളുടെ ഇപ്പോഴത്തെ തിരിച്ചുവരവില്‍ രാഷ്ട്രീയമായ ലക്ഷ്യവും ഉള്ളടക്കവുമില്ലേ? 1996ലാണ് ‘ഗോഡ്‌സേ നഗര്‍’ എന്ന കവിത താങ്കള്‍ എഴുതുന്നത്. ‘വലത്തേക്ക് മറ്റൊരു പാത തുടങ്ങി, ഗോഡ്‌സെ നഗര്‍’ എന്നതില്‍ മുന്നറിയിപ്പുണ്ടായിരുന്നു. വര്‍ഗീയ ഫാസിസത്തിന്റെ കടന്നുവരവിനെ പറ്റിയുള്ള ഒരു മുന്‍കാഴ്ച. ഇന്ന് വായിക്കുമ്പോള്‍ ആ കവിതയ്ക്ക് വലിയ അര്‍ത്ഥമാനങ്ങളുണ്ടാകുന്നു.

ഉ: അതേ. ആ സമയത്ത് മതവര്‍ഗീയതയ്‌ക്കെതിരെയുളള ചിന്തയില്‍ നിന്നാണ് അതെഴുതിയത്. കടമ്മനിട്ടയുടെ ‘ക്യാ’ എന്ന കവിതയെക്കുറിച്ച് ഈ അഭിപ്രായമുണ്ട്. അത് ഇന്ന് വായിക്കുമ്പോള്‍ കൂടുതല്‍ പ്രസക്തമായിത്തീരുന്നു. ചില കവിതകള്‍ അങ്ങനെയാകും. ‘ഗോഡ്‌സേ നഗര്‍’ എന്ന കവിതയുടെ അവസാനവരികള്‍-
‘നൂറാം തെരുവിലും അപ്പുറം കോളനി
നീറിയുണര്‍ന്ന പ്രതികാരവാഹിനി’
എന്നാണ്. കോളനികളില്‍ തളച്ചിടപ്പെട്ട ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്ന ആഗ്രഹം അതിലുണ്ട്. അങ്ങനെയാണ് ആ കവിത എഴുതപ്പെട്ടത്.

ചോ: കുരീപ്പുഴ കവിതകള്‍ കൂടുതല്‍ സാന്ദ്രതയാര്‍ന്ന, ആഴമുള്ളതായ രാഷ്ട്രീയ കവിതകളായിത്തീരുന്നുണ്ട് എന്ന തോന്നലാണ് വായനക്കാര്‍ക്കുണ്ടാകുന്നത്. ‘ചാര്‍വാകക’നും ‘കീഴാളനും’ നമ്മള്‍ കയ്യെത്തിപ്പിടിക്കേണ്ടതായ വര്‍ഗീയതയ്ക്കും അടിച്ചമര്‍ത്തലിനുമെതിരായി രൂപപ്പെടേണ്ട രാഷ്ട്രീയ മുന്നേറ്റത്തേയാണ് കുറിക്കുന്നത്. എന്താണ് ഇതേക്കുറിച്ച് പറയാനുള്ളത്.

ഉ: വിശപ്പിന്റെ രാഷ്ട്രീയം, ജീവിതത്തിന്റെ രാഷ്ട്രീയം, ഏകാന്തതയുടെ രാഷ്ട്രീയം, അരാഷ്ട്രീയതയുടെ രാഷ്ട്രീയം,ആത്മഹത്യ മുനമ്പില്‍ നില്‍ക്കുന്നവന്റെ രാഷ്ട്രീയം, രാഷ്ട്രീയ മുന്നേറ്റത്തിന്റെ തന്നെ പ്രകടമായ രാഷ്ട്രീയം ഇതിലൂടെയൊക്കെ സ്വാഭാവികമായി കവിത കടന്നുപോകും. അതങ്ങനെയായിപ്പോകും.

ചോ: രാഷ്ട്രീയ കവിതയെക്കുറിച്ചുള്ള ചില സംശയങ്ങളും സമീപകാലത്ത് ഉയര്‍ന്നുവരുന്നുണ്ട്. ‘ഗദ്ദര്‍, മനുഷ്യന്റെ പാട്ടുകാരന്‍’ എന്ന് താങ്കള്‍ ഗദ്ദറിനെക്കുറിച്ച് കവിതയെഴുതിയിട്ടുണ്ട്. ഗദ്ദര്‍ ഇപ്പോള്‍ മതപരമായ ആത്മീതയിലാണെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്. എങ്ങനെ കാണുന്നു?

ഉ: കമ്മ്യൂണിസ്റ്റായിരുന്ന ടിഎസ് തിരുമുമ്പ് എന്ന കവി വലിയ ഭക്തനായി മാറിയിട്ടുണ്ട്. അതുകൊണ്ട് പ്രത്യയശാസ്ത്രത്തിനോ രാഷ്ട്രീയ മുന്നേറ്റത്തിനോ ഒരു കുറവും സംഭവിച്ചിട്ടില്ല. ഗദ്ദര്‍ അടിസ്ഥാനപരമായി ഒരു കവിയല്ല. പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റാണ്. പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റിന് പ്രധാനം ജനങ്ങളുടെ പ്രശ്‌നപരിഹാരമാണ്. അവര്‍ക്ക് വീടുണ്ടാക്കുക, വിദ്യാഭ്യാസം നല്‍കുക, കുടിവെള്ളമെത്തിക്കുക തുടങ്ങിയവയാണ്. അന്തഃവിശ്വാസ നിര്‍മ്മാര്‍ജ്ജനമൊക്കെ അതിന്റെ ഒരു ഭാഗം മാത്രമാണ്. ഗദ്ദറിന്റെ പൊളിറ്റിക്കല്‍ ആക്ടിവിറ്റിയുടെ ഒരു ഭാഗം മാത്രമാണ് അദ്ദേഹത്തിന്റെ കവിത. ഗദ്ദറിനെ ന്യായീകരിക്കുന്ന ചില കാര്യങ്ങള്‍ അദ്ദേഹം വിശ്വസിക്കുന്ന കമ്മ്യൂണിസത്തിലുണ്ട്. സ്ട്രാറ്റജിയുടെയും റ്റാറ്റിക്‌സിന്റെയും പ്രശ്‌നമുണ്ട്. ഗദ്ദര്‍ ടിഎസ് തിരുമുമ്പിനെപ്പോലെ രാഷ്ട്രീയം ഉപേക്ഷിച്ച് ഭക്തിയിലേയ്ക്ക് പോയില്ല എന്നത് പ്രധാനമാണ്. ഇപ്പോഴും ഗദ്ദര്‍ പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റാണ്. എന്നാലും ഗദ്ദറിന്റെ കാര്യത്തില്‍ പലരുടേയും ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടിവരുന്നുണ്ട്.

ചോ: വര്‍ഗീയ ഫാസിസത്തിന്റെ അക്രമങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് എഴുത്തുകാര്‍ക്കെതിരെ നടന്ന ആക്രമണത്തിനെതിരേ ശക്തമായ നിലപാടുമായി രംഗത്ത് വന്ന ആളാണ് താങ്കള്‍. ഫാസിസത്തിനെതിരെ വിപുലമായ സാംസ്‌കാരിക ഐക്യം കെട്ടിപ്പടുക്കേണ്ട അവസരമല്ലേ ഇത്? അതില്‍ ദൗര്‍ബല്യവും നിലനില്‍ക്കുന്നുന്നില്ലേ?

ഉ: ശരിയാണ്. ഉണ്ടാകേണ്ടതാണ്. മതേതര സാംസ്‌കാരിക യാത്ര നടത്തിയപ്പോള്‍ അങ്ങനെ ഒരു ഐക്യം രൂപപ്പെട്ടിരുന്നതാണ്. പുകസയും യുവകലാസാഹിതിയും മറ്റുള്ള സംഘടനകളുമൊക്കെ ഒരുമിച്ച് ചേര്‍ന്ന് അതിന് സഹായിച്ചിരുന്നു. പന്‍സാരേ, ദബോല്‍ക്കര്‍, കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് തുടങ്ങിയവരുടെ കൊലപാതകങ്ങള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ പ്രതിഷേധങ്ങള്‍ നടന്നതും കേരളത്തിലാണ്. എന്നാല്‍ ഐക്യവേദി ഉണ്ടായിവരേണ്ടതാണ്. പൊളിറ്റിക്കല്‍ ലീഡര്‍ഷിപ്പാണ് അതിനൊരു മുന്‍കൈയെടുക്കേണ്ടത്. എന്നെ സംബന്ധിച്ച് വര്‍ഗീയ സംഘടനകളൊഴികെ ആരുമായും ഞാന്‍ സഹകരിക്കും.

ചോ: ‘പലവട്ടം ആക്രമിക്കപ്പെട്ട ഗ്രാമമാണ് എന്റെ ഹൃദയം. എന്നെഴുതിയതുപോലെയും ഇഷ്ടമുടി, മത്സരകമ്പം എന്നീ കവിതകളിലെ ഗ്രാമീണ ലോകമായും ഗ്രാമീണതയുടെ ഒരു വീണ്ടെടുപ്പിന്റെ പ്രമേയം താങ്കളുടെ കവിതകളില്‍ വരുന്നുണ്ട്. അങ്ങനെയൊരു മടങ്ങിപ്പോക്ക് സാദ്ധ്യമാണോ.

ഉ: മടങ്ങിപ്പോക്ക് സാധ്യമല്ല. നമുക്ക് ഇപ്പോഴത്തെ അടുക്കള മാറ്റി, അമ്മ ഉപയോഗിച്ചതരം അടുക്കള ഉണ്ടാക്കാന്‍ പോലും സാധിക്കില്ല. പക്ഷേ ഹിസ്റ്ററിയില്‍ നിന്ന് കിട്ടാത്ത പലതുണ്ട്. ഉദാഹരണത്തിന് ചങ്ങമ്പുഴ ‘ഗുളോപ്പ്’ എന്ന ഒരു പദം എഴുതിയിട്ടുണ്ട്. അതൊരു കര്‍ണാഭരണമാണ്. അത് വേറെയെങ്ങുനിന്നും കിട്ടില്ല, കവിതയില്‍ നിന്നേ കിട്ടൂ. കവിതയില്‍ രേഖപ്പെടുത്തുന്ന ചിലത് ഹിസ്റ്ററിയില്‍ കിട്ടില്ല.

ചിലത് ഗ്രാമത്തിലേ ഉണ്ടാകുകയുള്ളൂ. നഗരത്തില്‍ നിലാവില്ല. അവിടെ നിലാവിന് പ്രസക്തിയില്ല. നഗരത്തില്‍ മാലിന്യം കൂടുതലായതുകൊണ്ടാണ് ഞാന്‍ ഗ്രാമത്തിലേയ്ക്ക് വന്നത്. ഇന്ന് പ്രകൃതിയുടെ നിലനില്‍പ്പിന് ഒരു രക്ഷാപ്രവര്‍ത്തനം ആവശ്യമാണ്. അത് എല്ലാവര്‍ക്കും മനസ്സിലായിവരുന്നുണ്ട്. ഡല്‍ഹിയിലെ പുകമഞ്ഞ് ഒരു പാഠമാണ്. നഗരങ്ങള്‍ക്ക് അങ്ങനെ അതിരില്ലാതെ വളരാന്‍ കഴിയില്ല.

ഒഴുക്കിനൊപ്പം നീന്തിപ്പോയാല്‍
കടലില്‍ ചെന്നു മരിക്കും നീ
വേരോ കല്ലോ കൈയില്‍ തടയും
ഒഴുക്കിനെതിരേ നീന്തുക നീ
എതിരേ നീന്തുക
എതിരേ നീങ്ങുക
അതുമാത്രം രക്ഷാമാര്‍ഗം. (ഒഴുക്കിനെതിരേ)

വീണ്ടെടുക്കേണ്ടും കാലം



പലവട്ടം ആക്രമിക്കപ്പെട്ട
ഒരു ഗ്രാമമാണ് എന്റെ ഹൃദയം
നിരപരാധികൾ, നിരായുധർ, 
നിസ്സഹായർ
നിലവിളിയുടെ മരണോൽസവം

പേടിക്കരിമ്പടം മൂടിയ ദിക്കുകൾ
ഓടിക്കിതച്ചു മരിച്ച കിനാവുകൾ
ചോരയുറഞ്ഞ പകൽപ്പാടം ഓർമ്മയിൽ 
നേരിന്റെ കണ്ണ് കരിച്ച വിപത്തുകൾ

ഉണരുവാൻ പേടി
ഉറങ്ങുവാൻ പേടി
പറയുവാൻ പേടി
പഠിക്കുവാൻ പേടി
മരുതിന്റെ കൊമ്പിലെ കാറ്റനക്കത്തില്‍
മരണമുഴക്കങ്ങൾ കേൾക്കുന്ന പേടി. 

വിരൽമുട്ടു വാതിലിൽ കേട്ടു ഞെട്ടുന്നു
ശലഭം പറന്നാൽ വിരണ്ടുനോക്കുന്നു
കടലിരമ്പത്തിൽ കുടൽ കുരുങ്ങുന്നു
പുഴയിറക്കത്തിൽ കരൾ ദ്രവിക്കുന്നു

ഇഴയുവാൻ പേടി
നിരങ്ങുവാൻ പേടി
നടയിറങ്ങിച്ചെന്ന് നോക്കുവാൻ പേടി


പലവട്ടം ആക്രമിക്കപ്പെട്ട
ഒരു ഗ്രാമമാണ് എന്റെ ഹൃദയം 
സ്വപ്നവും സ്വസ്ഥതയും
തിരിച്ചു പിടിക്കണം. 
സ്നേഹവും വിശ്വാസവും 
വീണ്ടെടുക്കണം

ഭ്രാന്തുപിടിച്ചോ നിനക്കെന്നു വൃദ്ധൻ
ഭ്രാന്താണുഭേദം നമുക്കെന്ന് പുത്രൻ
മക്കൾ തണൽ തരാതോടിയെന്നമ്മ
ഓട്ടത്തിലും നൻമയേൽക്കുവാൻ നേർച്ച
തെറ്റുചെയ്യാതെ ഞാൻ ക്രൂശിതയായെ-
ന്നുച്ചിയിൽ കൈവെച്ച് തേങ്ങുന്നു കന്നി
കെട്ടഴിച്ചിട്ട മുടിയിൽ പുരട്ടാൻ
രക്തം തരുന്നതെന്നാണൊന്നൊരുത്തി
എന്നെയുപേക്ഷിച്ചു പോകരുതെന്ന്
കണ്ണീരിൽ മുങ്ങിയിടവഴിത്തെച്ചി
കുഞ്ഞിനെക്കൂടിയെടുക്കാതെയോടി
എങ്ങോട്ടുപോകുവാനെന്നു കിടാത്തി
പുസ്തകപ്പെട്ടിയും പെൻസിലുംകൂടി
കത്തിച്ചുവെന്നു കരഞ്ഞുകൊണ്ടുണ്ണി

എല്ലാം നശിച്ചു മഹാരോഗമാരി
പുണ്ണായ് പടർന്നുമിത്തീ നിറയ്ക്കുമ്പോൾ
അച്ഛൻ കടുന്തുടി കെട്ടിയുറഞ്ഞു
അഗ്നിവാക്കെന്റെ മുഖത്തേക്കെറിഞ്ഞു
പട്ടിയായ് വാലാട്ടി നക്കിത്തുടച്ച്
ശക്തിമന്ത്രങ്ങൾ മറക്കുന്നുവോ നീ? 
വീണ്ടെടുക്കെൻ ചുടുരക്തമേ തിൻമ-
തീണ്ടാത്ത വിങ്ങാത്ത നാട്ടിൻപുറത്തെ
നീയെൻ കരുത്തിൽ കുരുത്തവനെങ്കിൽ
തീയുണ്ടയേൽക്കാനിറങ്ങി നിൽക്കേണം
നീയുണ്ട ചോറിൻ വിയർപ്പാണു ഗ്രാമം
മാനം കവർന്നെടുക്കപ്പെട്ട പാവം

പലവട്ടം ആക്രമിക്കപ്പെട്ട
ഈഗ്രാമം എന്റെ ഹൃദയമാണ്
ഒളിച്ചോടിപ്പോയവന്റെ ഹൃദയം.

Wednesday 15 November 2017

ഒഎന്‍വിയും ഒ മാധവനും സാംബശിവനും



ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളിലെ കൊല്ലം ശ്രീനാരായണ കോളജ് വിദ്യാര്‍ഥി സമരങ്ങളുടെ തീച്ചൂളയായിരുന്നു- ഒപ്പം സര്‍ഗാത്മകതയുടെയും.

സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട ഒരു വിദ്യാര്‍ഥി, സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ അംഗത്വം സ്വീകരിക്കുന്നു. സമരങ്ങളിലും സംവാദങ്ങളിലും സജീവമായി ഇടപെടുന്നു. അടുത്ത കൊല്ലം സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച ആ വിദ്യാര്‍ഥി കോളജ് യൂണിയന്റെ അധ്യക്ഷനാവുക തന്നെ ചെയ്തു.

അന്ന് കോളജ് യൂണിയന്‍ ഉദ്ഘാടനം ചെയ്യാന്‍ സരോജിനി നായിഡുവിന്റെ സഹോദരനും വിഖ്യാത കവിയുമായിരുന്ന ഹരീന്ദ്രനാഥ ചതോപാധ്യായ ക്ഷണിക്കപ്പെടുന്നു. ഏറ്റവും ശ്രദ്ധേയവും സുവര്‍ണ പ്രഭയുള്ളതുമായ കോളജ് യൂണിയന്‍ പ്രവര്‍ത്തനമായിരുന്നു ആ വിദ്യാര്‍ഥിയുടെ നേതൃത്വത്തില്‍ നടന്നത്. കവിതാ വാസനയില്‍ മുന്നിട്ടുനിന്ന ആ രാഷ്ട്രീയക്കാരന്‍ വിദ്യാര്‍ഥിയാണ് പില്‍ക്കാലത്ത് ജ്ഞാനപീഠ പുരസ്‌കാര ജേതാവായ ഒഎന്‍വി കുറുപ്പ്.


യൂണിയന്‍ സ്പീക്കറും സജീവ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകനുമായിരുന്ന മറ്റൊരു കലാകാരനാണ് പിന്നീട് കാഥികന്‍ വി സാംബശിവന്‍ ആയത്. അതേ പാതയിലൂടെ സഞ്ചരിച്ച മറ്റൊരു വിദ്യാര്‍ഥി രാഷ്ട്രീയക്കാരനാണ് കാട്ടുകടന്നലും മയ്യഴിപ്പുഴയുടെ തീരങ്ങളിലും അവതരിപ്പിച്ച് മലയാളിയുടെ മനസില്‍ കുടിയേറിയ കാഥികന്‍ വി ഹര്‍ഷകുമാര്‍.


ശ്രേഷ്ഠകവികളായ തിരുനെല്ലൂരും പുതുശ്ശേരി രാമചന്ദ്രനും കലാലയ രാഷ്ട്രീയത്തില്‍ മനസ് വച്ച വരായിരുന്നു. രാഷ്ട്രീയ കലാലയം മലയാളത്തിന് സംഭാവന ചെയ്ത വലിയ പത്രാധിപരാണ് കെ ബാലകൃഷ്ണന്‍. തിരുവനന്തപുരം ആര്‍ട്‌സ് കോളജ് പിക്കറ്റ് ചെയ്ത് ജയിലിലായ വിദ്യാര്‍ഥി രാഷ്ട്രീയക്കാരനാണ് നടനും ജനയുഗം വാരികയുടെ പത്രാധിപരുമായി മാറിയ കാമ്പിശ്ശേരി കരുണാകരന്‍. ആയുര്‍വേദ പരീക്ഷയില്‍ ഉന്നത വിജയം നേടിയ നാടകകൃത്ത് തോപ്പില്‍ ഭാസിയും യൗവ്വനാരംഭത്തില്‍ തന്നെ രാഷ്ട്രീയത്തിലെത്തിയിരുന്നു.


തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ യൂണിയന്‍ അധ്യക്ഷനായിരുന്നു കഥാകൃത്ത് എന്‍ മോഹനന്‍. വിദ്യാര്‍ഥിയായിരുന്ന കാലംതൊട്ടേ രാഷ്ട്രീയത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച ബിനോയ് വിശ്വമാണ് ആഫ്രിക്കന്‍ അമ്മമാരുടെ കവിതകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയത്. ഭഗവാന്‍ കാലുമാറുന്നു എന്ന നാടകത്തിലേക്ക്, പിന്നോട്ടു പോകാന്‍ തുടങ്ങിയ കേരളത്തെ പിടിച്ചുനിര്‍ത്തിയ കണിയാപുരം രാമചന്ദ്രനും സ്വരലയയുടെ ശില്‍പിയും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും കടമ്മനിട്ട ഫൗണ്ടേഷന്‍ അധ്യക്ഷനുമായ എം എ ബേബിയും മന്ത്രിപദത്തിലിരിക്കുമ്പോഴും കവിതയ്ക്കായി ഉഷ്ണമുഹൂര്‍ത്തങ്ങള്‍ കരുതിവയ്ക്കുന്ന ജി സുധാകരനും രാഷ്ട്രീയ കലാലയത്തിന്റെ സംഭാവനകളാണ്. കവികളായ എസ് രമേശനും രാവുണ്ണിയും കഥാകൃത്ത് അക്ബര്‍ കക്കട്ടിലും പ്രഭാഷകന്‍ സുനില്‍ പി ഇളയിടവും കോളജ് യൂണിയന് നേതൃത്വം നല്‍കിയ രാഷ്ട്രീയ ബോധമുള്ളവരായിരുന്നു.


ശാസ്ത്രാംകോട്ട ദേവസ്വം ബോര്‍ഡ് കോളജില്‍ പഠിക്കുന്ന കാലത്ത് ഒരു പ്രാദേശിക വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകനായിരുന്ന യുവാവാണ് പില്‍ക്കാലത്ത് ഭരത് മുരളി യായി മാറിയത്.


വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരെന്ന നിലയില്‍ ക്രൂരമര്‍ദ്ദനമേല്‍ക്കേണ്ടിവന്ന അതുല്യ നാടക നടന്‍ ഒ മാധവനും സൈദ്ധാന്തികനും പത്രാധിപരുമായി മാറിയ തെങ്ങമം ബാലകൃഷ്ണനും കേരളത്തിന്റെ സാംസ്‌കാരിക നഭസിലുണ്ട്.
കലാലയ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ പുറത്തുവന്ന മറ്റു പ്രതിഭകളില്‍ പെരുമ്പുഴ ഗോപാലകൃഷ്ണനും ആര്‍ എസ് ബാബുവും പ്രഭാകരന്‍ പഴശ്ശിയും ഗീതാനസീറുമുണ്ട്.


കുറച്ചുകാലം മാത്രം ജീവിച്ചുമരിച്ച പരിവര്‍ത്തനവാദി വിദ്യാര്‍ഥിസംഘം എന്ന സംഘടനയോടായിരുന്നു എനിക്ക് ചങ്ങാത്തം. കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട എം എ ജോണ്‍ അടക്കമുള്ള നിരീശ്വരവാദികളുടെ ഒരു കൂട്ടായ്മയായിരുന്നു അത്. ജോണിന്റെ കുര്യനാട്ടുള്ള വീട്ടില്‍ പോയപ്പോഴാണ് ഞാന്‍ ശാകുന്തളത്തിന്റെ ഒരു പരിഭാഷ വായിച്ചത്. കാന്താംഗീ നാലടി നടന്നു കൊണ്ടാള്‍ എന്നു തുടങ്ങുന്ന ശ്ലോകം അവിടെവച്ച് കാണാതെ പഠിക്കുകയും ചെയ്തു. സോവിയറ്റ് യൂണിയനില്‍ നിന്നും പ്രസിദ്ധീകരിച്ച കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ സ്വന്തമായി വാങ്ങി സൂക്ഷിച്ചതും അക്കാലത്തായിരുന്നു. എ വി ആര്യന്റെ ഒരു ക്ലാസിലും ഞാന്‍ ഇരുന്നിട്ടുണ്ട്. കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ ആ വര്‍ഷം എന്റെ കവിതയ്ക്കായിരുന്നു ഒന്നാം സമ്മാനം കിട്ടിയത്. അക്ഷരങ്ങളെ ആദരിക്കുവാനും കവിതയുടെ വഴിയില്‍ മുടന്തിയും വീണും അല്‍പദൂരമെങ്കിലും സഞ്ചരിക്കുവാനും രാഷ്ട്രീയ കലാലയം എന്നെ സഹായിച്ചിട്ടുണ്ട്.


രാഷ്ട്രീയ കലാലയം മുന്‍മന്ത്രിമാരെ സൃഷ്ടിക്കാനുള്ള ഫാക്ടറികളല്ല അത് സര്‍ഗാത്മകസംവാദങ്ങളിലൂടെ രൂപപ്പെട്ടുവരുന്ന പ്രതിഭകളുടെ ഈറ്റില്ലമാണ്.

ഉൾവാക്കുകൾ


ഞാനെൻ ശരീരം പരീക്ഷണശാലയിൽ 
മേശപ്പുറത്ത് കിടത്തി 
വസ്ത്രങ്ങൾ നീക്കി കൊടുംകത്തിയാലതിൻ
ത്വക്കുടുപ്പും കൊത്തിമാറ്റി

നഗ്നം അതേ പൂർണനഗ്നം അകങ്ങളിൽ
അക്ഷരങ്ങൾ തെളിയുന്നു
അക്ഷരം വാക്കായി
വാക്കു വാക്യങ്ങളായ്
സ്വപ്നമേയല്ല യാഥാര്‍ത്ഥ്യം 

കയ്പുകുടിച്ച് ചുവന്ന മസ്തിഷ്കത്തിൽ ഒറ്റവാക്കേയുള്ളു സ്നേഹം
കണ്ണുകൾക്കുള്ളിൽ നിലാവ്
ചെവിക്കുള്ളിൽ
മങ്ങിയ നെൽകൃഷിപ്പാട്ട്
അന്നനാളത്തിൽ വിശപ്പ്
തോളസ്ഥിയിൽ
ഒന്നിറങ്ങൂ എന്ന വീർപ്പ്

ഹൃദയഭിത്തിപ്പുറത്തവ്യക്തമായ് കണ്ടു
ഹരിതമഷിയിൽ പ്രണയം
ശ്വാസകോശത്തിന്റെയോരോ അറയിലും
വാസംപുക എന്ന വാക്യം
രക്തനാളത്തിൽ സമരം
ആമാശയശല്കത്തിൽ തീരാദുരിതം
വൃക്കയിൽ മോഹങ്ങൾ 
വൻകുടലിൽ സൂര്യൻ
വൃഷണത്തിനുള്ളിൽ അശാന്തി 
മാലിന്യസഞ്ചിയിൽ ജീവിതം
താരാട്ടുപോരെന്ന് തൊണ്ടയും കൈയ്യും

കരളിൽ ബിയർ പാർലർ
വാരിയെല്ലിൽ നാട്ടു-
വഴിയിലെ പുല്ലിന്റെ പേര് 
കാലസ്ഥിയിൽ കാട്ടുപക്ഷി
പാദങ്ങളിൽ
ചൂടിൽനടന്ന കഥകൾ
വാക്കുകൾ നാക്കുകൾ തോരുന്നതേയില്ല
വാക്കിന്റെ പേമാരിയുള്ളിൽ

Thursday 2 November 2017

ക്യാരറ്റ് ചമ്മന്തിയും അഞ്ചില തോരനും


കുറേക്കാലം മുമ്പ് തിരുവനന്തപുരം നഗരത്തില്‍ ഒരു പാനീയ മേള നടന്നു. കാപ്പിയും ചായയും കള്ളുമൊക്കെ ഒഴിവാക്കി കുടിക്കാന്‍ പറ്റുന്ന മറ്റു പാനീയങ്ങളാണ് മേളയിലുണ്ടായിരുന്നത്. കരിക്കിന്‍വെള്ളം, തേങ്ങാവെള്ളം, മോര്, പച്ചമാങ്ങ കൊത്തിയരിഞ്ഞിട്ട വെള്ളം, ജീരകവെള്ളം, മല്ലിവെള്ളം, ഉലുവാവെള്ളം, പേരയ്ക്കായിലയിട്ട് തിളപ്പിച്ച വെള്ളം, ഞവരയില വെള്ളം, തുളസിയിലവെള്ളം, ഗ്രാമ്പൂവെള്ളം തുടങ്ങി കൗതുകകരമായ നിരവധി പാനീയങ്ങള്‍ ഈ മേളയില്‍ ലഭ്യമായിരുന്നു. അറുപതിലധികം വ്യത്യസ്ത രുചിയും ഗന്ധവുമുള്ള ദാഹശമനികള്‍. ഈ പാനീയമേള രോഗരഹിതമായ ഒരു ജീവിതത്തിലേക്കുള്ള വഴികാട്ടിയായിരുന്നു.

ഫാസ്റ്റ് ഫുഡ് എന്ന പേരില്‍ കിട്ടുന്ന പഴകിയതും ചൂടാക്കിയതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ മലയാളിയുടെ ആരോഗ്യത്തെ അപകടകരമായ അവസ്ഥയിലെത്തിച്ചിട്ടുള്ള, ഷവര്‍മ മരണംപോലും നടന്ന നാടാണല്ലോ നമ്മുടേത്. വാങ്ങാന്‍ കിട്ടുന്ന അരിയില്‍ പോലും റെഡ് ഓക്‌സൈഡും മറ്റും കലര്‍ത്തിയതുമൂലം അരിയാഹാരം കഴിച്ച് ആശുപത്രിയിലായവരുടെ എണ്ണവും കുറവല്ല.

മനുഷ്യന്റെ ഭക്ഷണ സംസ്‌കാരത്തിന് ഉത്ഭവകാലത്തോളം തന്നെ ചരിത്രമുണ്ട്. ഉല്‍പ്പത്തി പുസ്‌കത്തിലെ സര്‍പ്പം നീട്ടിയ പഴത്തിന്റെ കെട്ടുകഥയെ നിരാകരിക്കുന്നതാണ് ആഹാര നിര്‍മിതിയുടെ ചരിത്രം. വേട്ടയാടിക്കിട്ടിയ മൃഗത്തിന്റെ പച്ചമാംസം ഭക്ഷിച്ച മനുഷ്യന്‍ തീന്മേശയിലെ വിവിധ രുചിക്കൂട്ടുകള്‍ കലര്‍ന്ന വിഭവങ്ങളിലേക്ക് പരിണമിച്ചതിന് പിന്നില്‍ കാലങ്ങളുടെ പരീക്ഷണോത്സാഹമുണ്ട്. വിശപ്പാറ്റാന്‍വേണ്ടി പൊട്ടിച്ചുകഴിച്ച പഴം വിഷപ്പഴമാകയാല്‍ മരിച്ചുവീണ പാവം മനുഷ്യന്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ കാണിച്ചുകൊടുത്തത് ഭക്ഷണസംസ്‌കാരത്തിന് വലിയൊരു പാഠമാണ്. തിന്നാന്‍ കൊള്ളാവുന്നതും തിന്നരുതാത്തതുമായ ഫലങ്ങളും കിഴങ്ങുകളും ഇലകളും ജീവികളും ഏതൊക്കെയെന്ന് മനുഷ്യന്‍ തിരിച്ചറിഞ്ഞു.

ഭക്ഷണ പ്രിയനായ ഗണപതിയുടെ കഥകളില്‍ മനുഷ്യനുണ്ടാക്കിയ ഭക്ഷണങ്ങളേയുള്ളു. ദൈവത്തെ സൃഷ്ടിച്ച മനുഷ്യന്‍ സ്വയം നിര്‍മിച്ച ഭക്ഷണമാണ് ദൈവത്തിന് നല്‍കിയത്. കള്ളും കോഴിയും അടയും വടയും പായസവും നിവേദ്യങ്ങളായത് അങ്ങനെയാണ്.

ആഹാരപദാര്‍ഥങ്ങളെ സംബന്ധിച്ച ഒരു ചിന്തയ്ക്ക് സന്ദര്‍ഭമുണ്ടാക്കിയത് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ആയിരുന്നു. അവര്‍ ആവിയില്‍ വേവിച്ചതും മധുരപദാര്‍ഥങ്ങള്‍ ചേര്‍ത്തതുമായ ആഹാരമുണ്ടാക്കുന്നതില്‍ ഒരു മത്സരം തന്നെ സംഘടിപ്പിച്ചു. അതിനോടനുബന്ധിച്ച് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ അമ്മമാര്‍ തയാറാക്കിയ ഒരു പാചകപുസ്തകവും ശിശുവികസന സമിതിയുടെ ആഭിമുഖ്യത്തില്‍ തയാറാക്കി പ്രകാശിപ്പിച്ചു.

നമുക്കുചുറ്റും കിട്ടുന്ന സസ്യങ്ങള്‍ കൊണ്ട് ഉണ്ടാക്കിയെടുക്കാവുന്ന ലളിതവും രുചികരവുമായ ഭക്ഷണപദാര്‍ഥങ്ങളാണ് മൈനാഗപ്പള്ളിയിലെ അമ്മമാര്‍ കുറിച്ചുവച്ചത്. തഴുതാമഇല, പയറില, പച്ചച്ചീര, കുടങ്ങല്‍ ഇല, കോവലില എന്നീ അഞ്ചിനം ഇലകള്‍ ശേഖരിച്ച് തേങ്ങയും മുളകും മഞ്ഞളും വെളുത്തുള്ളിയും ജീരകവും മറ്റും ചേര്‍ത്ത് ഉണ്ടാക്കിയെടുക്കാവുന്ന അഞ്ചിലത്തോരന്‍. വടക്കന്‍ കേരളത്തിലെ ഉപ്പേരിയാണ് തെക്കരുടെ തോരന്‍.

അഞ്ചിലകൊണ്ടുമാത്രമല്ല പപ്പായ ഇല, മുരിങ്ങയില, വാഴക്കൂമ്പ്, കോവയില, മുള്ളുമുരുക്കില ഇവകൊണ്ടും തോരനുണ്ടാക്കാം. ക്യാരറ്റും ഉപ്പും പച്ചമുളകും നാരങ്ങാനീരും ചേര്‍ത്തുണ്ടാക്കുന്ന ചമ്മന്തി, വാഴക്കൂമ്പ്, ചീനി (കപ്പ) എന്നിവകൊണ്ടുള്ള കട്‌ലറ്റ്, വെണ്ടയ്ക്കാ സൂപ്പ്, ചക്കക്കുരു പായസം, കാരറ്റ്, കരിനൊച്ചിയില ഇവകൊണ്ടുള്ള ഹല്‍വ തുടങ്ങിയ വിഭവങ്ങള്‍ ഉണ്ടാക്കുന്ന രീതിയും പറഞ്ഞിട്ടുണ്ട്. കഞ്ഞിവെള്ളം, അരിപ്പൊടി, ശര്‍ക്കര, നെയ്യ്, ഏലക്ക ഇവ ചേര്‍ത്തുണ്ടാക്കിയെടുക്കാവുന്ന കഞ്ഞിവെള്ളം ഹല്‍വ പലര്‍ക്കും പരിചയമില്ലാത്ത ഒരു വിഭവമാണ്.

ചാനലുകളില്‍ അഭിനയമികവോടെ കാട്ടിക്കൂട്ടുന്ന, നമുക്ക് അപ്രാപ്യമായ പാചകരീതികളില്‍ നിന്നും അവരുടെ വാചകമേളകളില്‍ നിന്ന് ഏറെ അടുത്തുനില്‍ക്കുന്നതാണ് അമ്മമാര്‍ കുറിച്ചുവച്ച ഈ പാചകവിധികള്‍.

പാചകവിധി പ്രതിഷേധത്തിനും ഉപയോഗിക്കാം. ബീഫ് വിവാദം കേരളത്തിലും അലയടിക്കുകയാണല്ലോ. തൃശൂര്‍ കേരളവര്‍മ്മ കോളജില്‍ നടന്ന ആക്രമണങ്ങള്‍ മറക്കാറായിട്ടില്ല. വര്‍ക്കല ശ്രീനാരായണ കോളജ് വിദ്യാര്‍ഥിയൂണിയന്‍ പുറത്തിറക്കിയ മറവിയുടെ മാനിഫെസ്റ്റോ എന്ന മാഗസിനില്‍ കഥയും കവിതയും ലേഖനവും കൂടാതെ ഒരു പാചകക്കുറിപ്പുകൂടിയുണ്ട്. ബീഫ് ഫ്രൈ ഉണ്ടാക്കുന്ന വിധം!

Wednesday 1 November 2017

ശൂന്യതയിലേയ്ക്ക് തുറക്കുന്ന മരണങ്ങള്‍


കുഞ്ഞുറുമ്പ് മുതല്‍ നീലത്തിമിംഗലം വരെയുള്ള ഓരോ ജീവിതത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ചില മരണങ്ങള്‍ക്ക് ശൂന്യതയിലേക്കുള്ള വാതിലുകള്‍ തുറന്നിടാനേ കഴിയുകയുള്ളു. ആഘോഷിക്കേണ്ടത് ജന്മദിനങ്ങളല്ല. അന്യജീവനുതകി സ്വജീവിതം ധന്യമാക്കിയ വിവേകിയാണോ എന്ന് നിരീക്ഷിക്കുന്നത് മരണദിനത്തിലാണ്. ശൂന്യതയിലേയ്ക്ക് വാതില്‍ തുറന്നിടുന്ന മരണങ്ങള്‍ ഈ വിവേകികളുടേതാണ്. സമീപകാലത്തുണ്ടായ ചില മരണങ്ങള്‍ വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും ഒരുപോലെ ശൂന്യത സൃഷ്ടിച്ചതായിരുന്നു.

അഷ്ടമുടിക്കായലിന്റെ തീരപ്രദേശം പൊതുമലയാളത്തിന് നല്‍കിയ അധ്യാപക നേതാക്കളില്‍ പ്രമുഖനായിരുന്നു റഷീദ് കണിച്ചേരി. നല്ല അധ്യാപകനായും അധ്യാപകരുടെ ജീവിതസമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആളായും റഷീദ് മാഷ് ജീവിതത്തെ അര്‍ഥമുള്ളതാക്കി. കിണാശേരിയിലെ ഒരു മതേതര വിവാഹവേദിയില്‍ അടുത്തിരുന്ന അദ്ദേഹം എന്റെ ചെവിയില്‍ ഒരു രഹസ്യം പറഞ്ഞു. വിവാഹിതരെ അനുമോദിച്ചുകൊണ്ട് മതരഹിത ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഞാന്‍ വിശദീകരിച്ചതുകൊണ്ടാകാം അദ്ദേഹം ആ സ്വകാര്യം ഞാനുമായി പങ്കുവച്ചത്. മരണാനന്തരം ശരീരം എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ എഴുതിവച്ചിട്ടുണ്ടെന്നായിരുന്നു റഷീദ് മാഷ് പറഞ്ഞത്. അദ്ദേഹത്തിന്റെ താല്‍പര്യപ്രകാരം മരണാനന്തരം ശരീരം വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി വിട്ടുകൊടുത്തു. കുട്ടികളെ ഹൃദയപക്ഷ രാഷ്ട്രീയ ബോധമുള്ളവരായും നല്ല വായനക്കാരായും രൂപപ്പെടുത്തിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ജാതിമത പരിഗണനകള്‍ കൂടാതെ മക്കളുടെ വിവാഹം നടത്തിയും റഷീദ് മാഷ് മാതൃകയായി. റഷീദ് മാഷിന്റെ ഓര്‍മയ്ക്ക് മുന്നില്‍ ഞാനൊരു തേന്മാവിന്‍ തൈ നട്ട് ശൂന്യതയെ പ്രാണവായുവുള്ളതാക്കാന്‍ ശ്രമിക്കട്ടെ.

സാഹിത്യചിന്തകനും നിരൂപകനും ഉത്തമബോധ്യമുള്ള മനുഷ്യവാദിയുമായിരുന്നു പ്രൊഫ. പി മീരാക്കുട്ടി. ഇടപ്പള്ളി രാഘവന്‍പിള്ളയുടെ മരണം ആത്മഹത്യയായിരുന്നില്ല എന്ന് അന്വേഷണങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം സമര്‍ഥിച്ചു. മഹാകവി കുമാരനാശാന്റെയും വള്ളത്തോളിന്റെയും വി സി ബാലകൃഷ്ണപ്പണിക്കരുടെയും കവിതകള്‍ക്ക് നൂതന ദര്‍ശനം നല്‍കിയ അദ്ദേഹം ഹജ്ജിനു  പോകുവാനുള്ള സന്ദര്‍ഭം പോലും വേണ്ടെന്ന് വച്ച മതാതീത മനസിന്റെ ഉടമയായിരുന്നു. യുവകവികളെ പ്രത്യേകം ശ്രദ്ധിക്കുകയും അവരുടെ രചനകളെ പഠനവിധേയമാക്കുകയും ചെയ്ത പ്രൊഫ. പി മീരാക്കുട്ടിയുടെ ഓര്‍മയ്ക്ക് മുന്നില്‍ ഒരു ചെമ്പകത്തൈ നട്ട് ശൂന്യതയെ സുഗന്ധപൂരിതമാക്കാന്‍ ശ്രമിക്കട്ടെ.

മതാതീത ജീവിതം നയിച്ച മറ്റൊരു പ്രതിഭയായിരുന്നു മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ ഡയറക്ടറായിരുന്ന ഡോ. വി സി ഹാരീസ്. കുട്ടികളുമായി സുദൃഢ സൗഹൃദം പുലര്‍ത്തിയിരുന്ന അദ്ദേഹം നാടകം, സിനിമ, അഭിനയം, വിമര്‍ശനം, വിവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ പുതിയ ഉണര്‍വ് സൃഷ്ടിച്ചു. ഇഷ്ടപ്പെട്ട പാട്ടുകള്‍ കുട്ടികളോടൊപ്പം പാടിയിരുന്ന ഗുരുപരിവേഷമില്ലാത്ത ചങ്ങാതിയായിരുന്നു ഹാരീസ്. അദ്ദേഹത്തിന് ഇഷ്ടഗാനങ്ങള്‍ പാടിക്കേള്‍പ്പിച്ചാണ് കുട്ടികള്‍ മരണാനന്തരം യാത്രയയപ്പ് നല്‍കിയത്. ഹാരീസിന്റെ മൃതദേഹം പള്ളിപ്പറമ്പിലല്ല അടക്കിയത്. അദ്ദേഹം സമ്പാദിച്ച സ്വന്തം സ്ഥലത്ത് മതപരമായ ഒരു ചടങ്ങും കൂടാതെയാണ് സംസ്‌കരിച്ചത്. മനുഷ്യസ്‌നേഹികളുടെ തേങ്ങിക്കരച്ചില്‍ ആ അന്തരീക്ഷത്തില്‍ അലയടിക്കുന്നുണ്ടായിരുന്നു. തിരുവനന്തപുരം ചലച്ചിത്രമേളയിലെ സംവാദ വേദികളില്‍ ഹാരീസിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മയ്ക്ക് മുന്നില്‍ ഒരു വാകമരത്തൈ നട്ട് ആ ശൂന്യതയെ വര്‍ണശബളമാക്കാന്‍ ശ്രമിക്കട്ടെ.

വിപ്ലവബോധം ഒരു മണ്‍ചെരാതുപോലെ മനസില്‍ കൊണ്ടുനടന്ന കവിയായിരുന്നു പരവൂര്‍ ജോസുകുട്ടി. പരന്ന വായനയും അതിലൂടെ നേടിയ അഗാധമായ അറിവും അദ്ദേഹത്തെ മിതഭാഷിയാക്കി. രണ്ട് കവിതാ പുസ്തകങ്ങള്‍ പരവൂര്‍ ജോസുകുട്ടി മലയാളത്തിന് തന്നു. ഒരു വിവര്‍ത്തന ഗ്രന്ഥവും. മതവിശ്വാസത്തെ സധൈര്യം തിരസ്‌കരിച്ച് അദ്ദേഹം ജീവിച്ചു.
സ്‌നേഹബന്ധങ്ങള്‍ക്ക് വലിയ ആദരവും അംഗീകാരവും നല്‍കി. സഹപ്രവര്‍ത്തകരുടെ വേദനകളില്‍ ഒപ്പം നിന്നു. ഒരു നാടകത്തിന്റെ രചനയ്ക്കായി പി എം ആന്റണിക്ക് സങ്കേതമൊരുക്കിക്കൊടുത്തു. രാജ്യം അതിവേഗം ബഹുദൂരം പിന്നോട്ടുപോകുമ്പോഴും പരവൂര്‍ ജോസുകുട്ടി ഹൃദയപക്ഷ നക്ഷത്രദീപ്തിയില്‍ അടിയുറച്ചു വിശ്വസിച്ചു. അദ്ദേഹത്തിന്റെ ഓര്‍മയ്ക്ക് മുന്നില്‍ ഒരു ചെമ്പരത്തിക്കമ്പ് നട്ട് ആ ശൂന്യതയെ രക്താഭമാക്കാന്‍ ശ്രമിക്കട്ടെ.

വിവേകികള്‍ മരിക്കുന്നില്ല. പ്രാണവായു നല്‍കുന്ന വൃക്ഷജാലത്തെ നട്ടുവളര്‍ത്തുവാനാണ് അവര്‍ ശൂന്യസ്ഥലങ്ങള്‍ അവശേഷിപ്പിക്കുന്നത്.