Wednesday 27 December 2017

പ്രതിരോധ കുത്തിവെയ്പ്പും സന്താന നിഗ്രഹവും


മസൂരി വന്നാല്‍ മരിക്കുകയേ നിര്‍വാഹമുള്ളു. വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ വളരെ വേഗം എല്ലാവരേയും പിടികൂടും. ഒരു വീട്ടിലെ മുഴുവന്‍ ആളുകള്‍ക്കും ഈ രോഗം വരും. ഗ്രാമങ്ങളെ തന്നെ മരണം കൊത്തിയെടുത്തു കൊണ്ടുപോകും. 1960കള്‍ക്ക് മുമ്പുള്ള കേരളത്തിന്റെ ഈ ദാരുണ ചിത്രം ഖസാക്കിന്റെ ഇതിഹാസത്തിലുണ്ട്. ഈ മാരക രോഗത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഉയരമുള്ള മരത്തില്‍ കയറി രോഗകാലം കഴിയുംവരെ താഴെയിറങ്ങാതെയിരിക്കുക എന്ന അപ്പുക്കിളിയുടെ മാര്‍ഗമേയുള്ളൂ സ്വീകാര്യമായിട്ടുള്ളത്.

മസൂരി രോഗം എങ്ങനെയാണുണ്ടാവുന്നത്? രോഗാണുക്കളെക്കുറിച്ചും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെക്കുറിച്ചും ധാരണയില്ലാതിരുന്ന നമ്മുടെ പൂര്‍വികര്‍ ഈ രോഗത്തിന്റെ ഉല്‍പാദനവും വിതരണവും എല്ലാം ദൈവത്തെ ഏല്‍പിച്ചു. ഭഗവതിക്ക് സന്തോഷം വരുമ്പോള്‍ അനുഗ്രഹമായും ദേഷ്യം വരുമ്പോള്‍ വിനാശകരമായും മസൂരിയുടെ വിത്തുകള്‍ ഉപയോഗിക്കപ്പെട്ടു.
മസൂരി വന്നാല്‍ ശുശ്രൂഷിക്കാന്‍ ആരെയും കിട്ടില്ലായിരുന്നു. ദേഹമാസകലം കുരുക്കള്‍ വന്ന് പഴുത്ത് പൊട്ടിയ മനുഷ്യശരീരത്തെ പച്ചോലയില്‍ കെട്ടി ചുടുകാട്ടില്‍ വയ്ക്കുമായിരുന്നു. ജീവനോടെയുള്ള സംസ്‌കരണമാണ് അന്ന് നടന്നിരുന്നത്. പണ്ടാറടക്കുക എന്ന പ്രയോഗം തന്നെ ഇങ്ങനെയുണ്ടായതാണ്.

ഇക്കാലത്താണ് ഞങ്ങളുടെ നാട്ടിലെ ഭാഗീരഥി ടീച്ചര്‍ എന്ന പായിച്ചേച്ചിക്ക് മസൂരി രോഗം വന്നത്. രോഗം കാട്ടിയ കാരുണ്യം കൊണ്ടാവാം അവര്‍ രക്ഷപ്പെട്ടു. ഭഗവതിയുടെ അനുഗ്രഹം കൊണ്ടാണ് അവരില്‍ രോഗം വന്നതും പോയതും എന്ന് എല്ലാവരും വിശ്വസിച്ചു. രോഗം മാറി കുളിച്ച പായിച്ചേച്ചിയെ വള്ളിക്കീഴ് ഭഗവതി ക്ഷേത്രത്തില്‍ കൊണ്ടുപോയി തൊഴുവിച്ചു. മുത്തുക്കുടകളും താലപ്പൊലിയും ചെണ്ടമേളവുമായി അവരെ നാല് കിലോമീറ്റര്‍ അകലെയുള്ള മുളങ്കാടകം ഭഗവതി ക്ഷേത്രത്തിലേക്ക് ആനയിച്ചുകൊണ്ടുപോയി. ഒരു ഉത്സവത്തില്‍ പങ്കെടുക്കുന്ന ഉന്മാദത്തോടെ ഞങ്ങള്‍ കുട്ടികളും പിന്നാലെ കൂടിയിരുന്നു.

മസൂരിരോഗ നിര്‍മാര്‍ജന പരിപാടികള്‍ കേരളത്തിന്റെ ആരോഗ്യ വകുപ്പ് അക്കാലത്ത്  തുടങ്ങിയിരുന്നു. പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്തു. ഈ മരുന്ന് എല്ലാവരിലും കുത്തിവയ്ക്കണം. മരുന്നുപെട്ടിയും ഉറുമ്പിന്റെ പല്ലുകളുള്ള കുത്തിവയ്പുപകരണങ്ങളുമായി ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ വിദ്യാലയങ്ങളിലേയ്ക്ക് പോയി. എല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവയ്പ് നടത്തി. അറുപതുകളില്‍ ചെറിയ ക്ലാസുകളില്‍ പഠിച്ചിരുന്ന ഞാനടക്കമുള്ള എല്ലാവരുടേയും കയ്യില്‍ അച്ചുകുത്തിയ അടയാളം ഇപ്പോഴുമുണ്ട്.

കുടുംബാസൂത്രണ സംവിധാനങ്ങള്‍ ആരംഭിച്ച കാലമായിരുന്നു അത്. ഒരു കുടുംബത്തില്‍ പരമാവധി മൂന്ന് കുട്ടികള്‍ എന്നതായിരുന്നു അന്നത്തെ ആരോഗ്യവകുപ്പിന്റെ നിലപാട്. ഞങ്ങളുടെ വീട്ടിലടക്കം ധാരാളം വീടുകളില്‍ മൂന്ന് കുട്ടികള്‍ ഉണ്ടായിരുന്നു. മൂന്ന് കുട്ടികളില്‍ കൂടുതല്‍ ആയാലോ അവരെ കൊല്ലാന്‍ വേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന ഒരു പരിപാടിയാണ് അച്ചുകുത്തു പിള്ളമാരുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് എല്ലാ മതങ്ങളും മത്സരിച്ച് പ്രചരിപ്പിച്ചു. അന്ന് മതങ്ങളുടെ സ്വാധീനം ഇന്നത്തെപോലെ പ്രബലമല്ലാതിരുന്നതിനാല്‍ ആ പ്രചാരണങ്ങള്‍ വിലപ്പോയില്ല.

ഞങ്ങളുടെ ക്ലാസില്‍ സതീഷ്‌കുമാര്‍ എന്നൊരു കുട്ടിയുണ്ടായിരുന്നു. അയാള്‍ക്ക് മൂന്ന് സഹോദരിമാരുണ്ടായിരുന്നു. നാലാമനായതിനാല്‍ അച്ചുകുത്തുപിള്ളമാര്‍ വന്ന് കുത്തിവച്ചു കൊല്ലുമോ എന്നൊരു പേടി ഈ കുട്ടിക്ക് ഉണ്ടായിരുന്നു. ആരോഗ്യവകുപ്പ് ജീവനക്കാര്‍ സ്‌കൂളിലേയ്ക്ക് വരുന്നതു കണ്ട ഈ കുട്ടി ജന്നലില്‍ക്കൂടി ചാടി വീട്ടിലേക്കോടി രക്ഷപ്പെട്ടുകളഞ്ഞു.

മസൂരി നിര്‍മാര്‍ജനയജ്ഞം വിജയിച്ചു. ആരോഗ്യവകുപ്പ്, കേരളത്തിലെവിടെയെങ്കിലും മസൂരി രോഗമുണ്ടെന്നറിയിച്ചാല്‍ ആയിരം രൂപ സമ്മാനം നല്‍കുമെന്ന് വിജ്ഞാപനം പുറപ്പെടുവിച്ചു. സമ്പൂര്‍ണമായ, ഫലപ്രാപ്തിയിലെത്തിയ ഒരു യജ്ഞമായിരുന്നു അത്. മസൂരി എന്ന സ്മാള്‍പോക്‌സ് മാരകമല്ലാത്ത ചിക്കന്‍പോക്‌സ് എന്ന പോക്കറ്റ് എഡിഷനിലേക്ക് ഒതുങ്ങി. ഒരു വട്ടം ചിക്കന്‍പോക്‌സ് വന്നാല്‍ മരിക്കുന്നതുവരെ ആ രോഗം വരാത്ത രീതിയില്‍ പ്രതിരോധശേഷി വര്‍ധിച്ചു.

പോളിയോ അടക്കമുള്ള, ജീവിതദ്രോഹികളായിട്ടുള്ള രോഗങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. പ്രതിരോധ കുത്തിവയ്പ് കുട്ടികളെ കൊല്ലാനുള്ളതാണ് എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. നമുക്ക് ആരോഗ്യമുള്ള ശരീരത്തോടെ രോഗസമ്മാനം എന്ന ദൈവഹിതത്തെ നിരാകരിച്ച് നല്ല മനുഷ്യരായി ജീവിക്കേണ്ടതുണ്ട്. അറുപതുകള്‍ക്ക് മുമ്പ് അനുഭവിച്ച മസൂരി രോഗത്തിന്റെ നരനായാട്ട് ഇല്ലാതാക്കിയത് പ്രതിരോധ കുത്തിവയ്പാണ്. അതുപോലെ ഇപ്പോഴുള്ള അസംഖ്യം രോഗങ്ങളില്‍ നിന്നും പുതിയ തലമുറയെ നമുക്ക് രക്ഷിക്കേണ്ടതുണ്ട്.

1 comment:

  1. അറുപതുകള്‍ക്ക് മുമ്പ്
    അനുഭവിച്ച മസൂരി രോഗത്തിന്റെ
    നരനായാട്ട് ഇല്ലാതാക്കിയത് പ്രതിരോധ
    കുത്തിവയ്പാണ്. അതുപോലെ ഇപ്പോഴുള്ള
    അസംഖ്യം രോഗങ്ങളില്‍ നിന്നും പുതിയ തലമുറയെ
    നമുക്ക് രക്ഷിക്കേണ്ടതുണ്ട്...

    ReplyDelete