Thursday 25 January 2018

ആശുപത്രി മാലിന്യം ആദിവാസികള്‍ക്ക് സമ്മാനിക്കരുത്‌



തിരുവനന്തപുരം ജില്ലയില്‍ അവിശ്വസനീയമായരീതിയില്‍ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യ ഭൂമിയുണ്ട്. വനംവകുപ്പുകാരുടെ പരസ്പരം നോക്കിനില്‍ക്കുന്ന ജെണ്ടയില്ലെങ്കില്‍ ഈ സ്വകാര്യഭൂമിയും വനംതന്നെ. നിറയെ വൃക്ഷങ്ങള്‍, ജലസാന്നിധ്യമുള്ള ചതുപ്പ്, ആന ചവിട്ടിയ കുഴിയില്‍ വെള്ളം, വള്ളിപ്പടര്‍പ്പുകള്‍, പഴക്കമില്ലാത്ത ആനപ്പിണ്ടങ്ങള്‍, നായ്ക്കളെ പുലികള്‍ കഴുത്തില്‍ കടിച്ചു കൊണ്ടുപോയതായി സാക്ഷ്യപ്പെടുത്തുന്ന വനവാസികള്‍. നാട്ടില്‍ കാണാത്ത പക്ഷികള്‍, വര്‍ണവൈവിധ്യവും പുള്ളികളുമുള്ള ചെറുജീവികള്‍.

പാലോട്ടെ ഇലവുപാലത്തുനിന്നും കാല്‍നടയായോ ജീപ്പിലോ പോയാല്‍ ഈ സ്ഥലത്തെത്താം. ഓടുചുട്ട പടുക്ക എന്നാണ് ഈ പ്രദേശത്തിന്റെ പേര്.
അവിടെ കാട്ടുപാതയ്ക്കരികില്‍ വലിച്ചുകെട്ടിയ തുണിപ്പന്തലില്‍ ആദിവാസി സഹോദരിമാര്‍ കൂട്ടംകൂടിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്. ആശുപത്രി മാലിന്യപ്ലാന്റ് ഇവിടെ വേണ്ട, ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കണം. കാണി മൂപ്പത്തിയായ ശാരദയാണ് ഓടുചുട്ട പടുക്കയിലെ മയിലമ്മ.

ശരിയാണല്ലോ, ഇവിടെ താമസിക്കുന്ന ആദിവാസികളാരും തലസ്ഥാന നഗരത്തിലെ ജീവിതത്തെ അലോസരപ്പെടുത്താറില്ലല്ലോ. സിറ്റിയിലെ മരങ്ങളൊന്നും ആദിവാസികള്‍ മുറിച്ചിട്ടില്ലല്ലൊ. നഗരജീവികള്‍ക്ക് ഇവരാരും കുടിവെള്ളം തടഞ്ഞിട്ടില്ലല്ലോ. പിന്നെന്തിനാണ് സര്‍ക്കാര്‍ ആദിവാസികളുടെ അരിഷ്ടിച്ചുള്ള ജീവിതത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത്.

വനത്തിനു നടുവില്‍ എങ്ങനെ സ്വകാര്യഭൂമിയുണ്ടായി. പട്ടിണികിടക്കുന്ന ആദിവാസികള്‍ക്ക് കൃഷി ചെയ്ത് അന്നമുണ്ടാക്കാന്‍ വേണ്ടി തിരുവിതാംകൂര്‍ രാജാവ് കല്‍പ്പിച്ചുനല്‍കിയതാണ് ഈ പ്രദേശം. കൃഷിയുണ്ടായിരുന്നു. ചെറിയ ചെറിയ അപ്പക്കഷ്ണങ്ങള്‍ നല്‍കി വിരല്‍ പതിപ്പിച്ച് ഭൂമി സ്വന്തമാക്കുന്ന വിരുതന്മാര്‍ ഈ പാവങ്ങളെയും കബളിപ്പിച്ച് പലകൈമറിഞ്ഞ് ഇപ്പോള്‍ ഈ ഭൂമി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അധീനതയിലാണ്. അവര്‍ അവിടെ ആശുപത്രി മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ വേണ്ടി ബയോമെഡിക്കല്‍ വേസ്റ്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നു. ഇത് ഒരു തെറ്റും ചെയ്യാത്ത ആദിവാസികളുടെയും മറ്റ് ജീവികളുടെയും സസ്യ-വൃക്ഷജാലങ്ങളുടെയും സ്വസ്ഥജീവിതത്തിന് ഭീഷണിയാണ്.

മനുഷ്യന്റെ ആരോഗ്യം സംരക്ഷിക്കേണ്ട ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇത്തരമൊരു അനാരോഗ്യ സംരംഭത്തിന് മുന്‍കൈയെടുക്കുന്നത് ശരിയല്ല. പാലക്കാട്ടെ കഞ്ചിക്കോട്ടു പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റിനെക്കുറിച്ച് ജനങ്ങള്‍ ആക്ഷേപമുണ്ടാക്കുകയും അത് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനായ വി എസ് അച്യുതാനന്ദന്‍ ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണല്ലോ.

യുനെസ്‌കോ സംരക്ഷിത പൈതൃകമേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ഈ പ്രദേശത്ത് ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കരുത്. സൂചിയും സിറിഞ്ചും പ്ലാസ്റ്ററും ഭ്രൂണവും മനുഷ്യാവയവങ്ങളും ഒക്കെ അടങ്ങുന്ന ആശുപത്രി മാലിന്യങ്ങള്‍ ഈ വിശുദ്ധ പ്രദേശത്ത് സംസ്‌കരിച്ചാല്‍ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. ലോകത്തുതന്നെ അപൂര്‍വമായി കാണപ്പെടുന്ന ശുദ്ധജല കണ്ടലുകളേയും മറ്റ് ജീവികളേയും സസ്യ-വൃക്ഷജാലങ്ങളേയും നമുക്ക് സംരക്ഷിക്കേണ്ടതായിട്ടുണ്ട്. അതിനാല്‍ ഈ പ്ലാന്റ് അവിടെ നിന്നും ഒഴിവാക്കേണ്ടതാണ്.

വനത്തിന്റെ ഈ ഹൃദയത്തെ വനംവകുപ്പിന് ഏറ്റെടുക്കാവുന്നതാണ്. ആദിവാസികള്‍ക്ക് നല്‍കിയ ഭൂമി അന്യര്‍ പിടിച്ചെടുത്താല്‍ റവന്യൂവകുപ്പിന് അതേറ്റെടുക്കാവുന്നതാണ്. അനാരോഗ്യ പ്രവണതകള്‍ നിരുത്സാഹപ്പെടുത്തുവാന്‍ ആരോഗ്യവകുപ്പിന് മുന്‍കൈയെടുക്കാവുന്നതാണ്. ഇതൊന്നുമല്ലെങ്കില്‍ ശാസ്ത്രസാഹിത്യ പരിഷത്തിന്റേയും ഡോ. എ സമ്പത്ത്, ഡി കെ മുരളി, ഐ സി ബാലകൃഷ്ണന്‍ തുടങ്ങിയ ജനപ്രതിനിധികളുടേയും പ്രാദേശിക ഭരണകൂടത്തിന്റെയും അഭിപ്രായത്തെ കണക്കിലെടുത്ത് മുഖ്യമന്ത്രിതന്നെ ഈ ആപത്ത് ഒഴിവാക്കേണ്ടതാണ്.

ആദിവാസി വനിതകള്‍ ഒറ്റയ്ക്കല്ല. മരഞണ്ടിനേയും കല്ലാനയേയും നമുക്ക് കാട്ടിത്തന്ന പ്രസിദ്ധ ഫോട്ടോഗ്രാഫര്‍ സാലി പാലോട്, ഡോ. കമറുദീന്‍ അടക്കമുള്ള നിരവധി വ്യക്തികള്‍ അവരോടൊപ്പമുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുമെന്ന് വിളംബരം ചെയ്തിട്ടുള്ള ഇടതുപക്ഷ സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി വാസ്തവപക്ഷത്തുനിന്നുകൊണ്ട് ഇടപെടേണ്ടതുണ്ട്.

1 comment:

  1. വനത്തിനു നടുവില്‍ എങ്ങനെ സ്വകാര്യഭൂമിയുണ്ടായി...?
    പട്ടിണികിടക്കുന്ന ആദിവാസികള്‍ക്ക് കൃഷി
    ചെയ്ത് അന്നമുണ്ടാക്കാന്‍ വേണ്ടി തിരുവിതാംകൂര്‍ രാജാവ്
    കല്‍പ്പിച്ചുനല്‍കിയതാണ് ഈ പ്രദേശം. കൃഷിയുണ്ടായിരുന്നു.
    ചെറിയ ചെറിയ അപ്പക്കഷ്ണങ്ങള്‍ നല്‍കി വിരല്‍ പതിപ്പിച്ച് ഭൂമി സ്വന്തമാക്കുന്ന വിരുതന്മാര്‍ ഈ പാവങ്ങളെയും കബളിപ്പിച്ച് പലകൈമറിഞ്ഞ് ഇപ്പോള്‍ ഈ ഭൂമി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അധീനതയിലാണ്. അവര്‍ അവിടെ ആശുപത്രി മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ വേണ്ടി ബയോമെഡിക്കല്‍ വേസ്റ്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നു. ഇത് ഒരു തെറ്റും ചെയ്യാത്ത ആദിവാസികളുടെയും മറ്റ് ജീവികളുടെയും സസ്യ-വൃക്ഷജാലങ്ങളുടെയും സ്വസ്ഥജീവിതത്തിന് ഭീഷണിയാണ്.

    ReplyDelete